കൊല്ലം: വേന്പനാട്ട് കായലിൽ ചാടി ആത്മഹത്യചെയ്ത ഉറ്റ സുഹൃത്തുക്കളായ വിദ്യാര്‍ഥിനികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വൈകുന്നേരം ചടയമംഗലത്ത് കൊണ്ടുവരും.
അഞ്ചലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാനത്തിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യര്‍ഥിനികളായിരുന്ന ആയൂര്‍ സ്വദേശിനി ആര്യ, അറയ്ക്കല്‍ സ്വദേശിനി അമൃത എന്നിവരുടെ മൃതദേഹം ഇന്നലെ രാവിലെയോടെ നാട്ടുകാർ കായലിൽ കണ്ടെത്തുകയായിരുന്നു.
അമൃതയുടെ മൃതദേഹം ആലപ്പുഴ പൂച്ചക്കലില്‍ നിന്നും ആര്യയുടെ മൃതദേഹം മേക്കര കായലില്‍ നിന്നുമാണ് കണ്ടെത്തിയത്.
ഫോണ്‍ രേഖകള്‍ അടക്കം പരിശോധിച്ചുള്ള അന്വേഷണം പോലീസ് തുടരുകയാണ്. ഇരുവരുടെയും മരണം വിശ്വസിക്കാനാകാതെ സങ്കടക്കടലിലാണ് അഞ്ചൽ കോളേജും സഹപാഠികളും.
ഇരുവരുടെയും മരണത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ആര്യയും അമൃതയും തമ്മിലുള്ള ഉറ്റസൗഹൃദം ഇരുവരുടെയും ആത്മഹത്യക്ക് പ്രേരണയായെന്ന സംശയം നിലനിൽക്കുന്നെങ്കിലും അന്വേഷണം മറ്റ് വഴികളിലും നടക്കുകയാണ്.
ഫോൺ കോളുകൾ പരിശോധിച്ചവയിൽനിന്ന് ഇരുവരുടെയും മറ്റ് സൗഹൃദങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരെയും കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് അന്വേഷണം നടക്കവേ ഒരാളുടെ മൊബൈല്‍ഫോണ്‍ തിരുവല്ലയില്‍ വച്ച് ഒാഫായതായി കണ്ടെത്തി.
അന്വേഷണം തുടരവേ യുവതികള്‍ വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്നും മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയതായി നാട്ടുകാര്‍ വിവരം വൈക്കം പോലീസില്‍ അറിയിക്കുകയായിരുന്നു.
പാലത്തില്‍ നിന്നും കണ്ടെത്തിയ ചെരുപ്പുകളും തൂവാലകളും കാണാതായ വിദ്യാര്‍ഥിനികളുടെതാണ് എന്ന് ആദ്യമേ തിരിച്ചറിഞ്ഞതോടെ കഴിഞ്ഞ ദിവസം രാവിലെ ഇരുവരുടെയും ബന്ധുക്കള്‍ വൈക്കത്ത് എത്തി.
പോലീസും അഗ്നിശമനസേനയും സ്കൂബ ടീമിന്റെ സഹായത്തോടെ തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.
ആര്യയും അമൃതയും വേര്‍പിരിയാന്‍ കഴിയാത്ത വിധം അടുത്ത ചങ്ങാതിമാരായിരുന്നുവെന്ന് കോളജിലെ മറ്റ് വിദ്യാർഥികൾ പറയുന്നു. ഇരുവരും കോളേജിലേക്ക് വരുന്നതും പോകുന്നതും ഒരുമിച്ച്.
ക്ലാസില്‍ ഇരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഇടവേളകളില്‍ പുറത്തേക്ക് പോകുന്നതും ഒരുമിച്ചാണ്. മറ്റുള്ളവരുമായി വലിയ സൗഹൃദം ഇവര്‍ പങ്കുവച്ചിരുന്നില്ല.
സുഖ ദുഃഖങ്ങള്‍ ഒരുമിച്ചു പങ്കുവച്ചിരുന്ന ചങ്ക് കൂട്ടുകാര്‍ എന്നാണ് സഹപാഠികള്‍ ഇവരെ വിശേഷിപ്പിച്ചിരുന്നത്. അടുത്തിടെ അമൃതയുടെ പിതാവ് വിദേശത്തുനിന്നും വന്നിരുന്നു.
പിതാവ് കോവിഡ് നിരീക്ഷണത്തില്‍ കഴിയേണ്ടിയിരുന്നതിനാല്‍ ഒരാഴ്ചയിലധികം ആര്യ താമസിച്ചുവന്നത് ആയുരിലുള്ള ആര്യയുടെ വീട്ടിലാണ്.
എന്നാല്‍ അടുത്തിടെ അമൃതയുടെ മാതാപിതാക്കള്‍ മകള്‍ക്ക് വിവാഹാലോചന തുടങ്ങിയതോടെ ഇരുവരും മാനസിക സംഘര്ഷത്തിലാവുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
വിവാഹം കഴിയുന്നതോടെ തങ്ങള്‍ക്ക് വേര്‍പിരിയേണ്ടി വരുമെന്ന ഭയത്താല്‍ ഇരുവരും വീട് വിട്ടിറങ്ങുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.