കോട്ടയം: ജില്ലാ പഞ്ചായത്തിലെ കോണ്ഗ്രസ് സ്ഥാനാർഥി നിർണയം പൂർത്തിയായില്ല. എ, ഐ ഗ്രൂപ്പുകൾ സീറ്റുകൾ വീതം വച്ചെങ്കിലും സ്ഥാനാർഥി നിർണയം പൂർത്തിയായില്ല.
ഐ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന എരുമേലി എ ഗ്രൂപ്പ് ഏറ്റെടുത്തപ്പോൾ അയർക്കുന്നം എ ഗ്രൂപ്പിന് ഐ ഗ്രൂപ്പ് വിട്ടു നിൽകി. എ ഗ്രൂപ്പിനു ലഭിച്ച എരുമേലിയിൽ പി.എ. ഷെമീറിന്റെ പേരാണ് പരിഗണനയിൽ.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസഡന്റായിരുന്ന പി.എ. ഷെമീർ ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ആളാണ്. ഐ ഗ്രൂപ്പ് ഇവിടെ പ്രകാശ് പുളിക്കനെ പരിഗണിച്ചെങ്കിലും അവസാന നിമിഷം അയർക്കുന്നം സീറ്റിനായി വിട്ടുനൽകുകയായിരുന്നു.
ഐ ഗ്രൂപ്പിനു ലഭിച്ച അയർക്കുന്നത്ത് ഐഎൻടിയുസി നേതാവ് സാബു പുതുപ്പറന്പിൽ, ഷിബു പറക്കോട്ട്, റെജി എം. ഫിലിപ്പോസ് എന്നിവരെയാണ് പരിഗണിക്കുന്നത്.
എ ഗ്രൂപ്പിനു ലഭിച്ച പൂഞ്ഞാർ സീറ്റിൽ വി.എ.ജോസിനെ പരിഗണിക്കുന്നുണ്ടെങ്കിലും ഐ ഗ്രൂപ്പ് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ആർ. പ്രേംജിയെ സ്ഥാനാർഥിയാക്കാനാണ് ഐ ഗ്രൂപ്പ് സീറ്റ് ആവശ്യപ്പെടുന്നത്.
പകരം മറ്റൊരു സീറ്റ് എ ഗ്രൂപ്പിനു നൽകും. 13 സീറ്റിൽ എട്ടെണ്ണം എ ഗ്രൂപ്പും അഞ്ചെണ്ണം ഐ ഗ്രൂപ്പിനുമാണ് ലഭിച്ചിരിക്കുന്നത്. വൈക്കം സീറ്റിൽ എ, ഐ ഗ്രൂപ്പുകൾക്ക് സ്വീകാര്യനായ സ്ഥാനാർഥിയെ നിർത്തും.
എ ഗ്രൂപ്പിനു ലഭിച്ച പുതുപ്പളളിയിൽ നെബു ജോണ്, പാന്പാടിയിൽ രാധാ വി.നായർ, വാകത്താനം സുധാ കുര്യൻ, പൊൻകുന്നം എം.എൻ. സുരേഷ് ബാബു എന്നിവരാണ് പട്ടികയിൽ.
കുറിച്ചിയിൽ ടി.എസ്. സലീം, ജോണി ജോസഫ്, വൈശാഖ് എന്നിവരെയാണ് പരിഗണിക്കുന്നത്. മുണ്ടക്കയത്തും ചർച്ച തുടരുകയാണ്. ഐ ഗ്രൂപ്പിനു ലഭിച്ച ഉഴവൂരിൽ ബിജു പുന്നത്താനം, കുമരകത്ത് ബീനാ ബിനു, കടുത്തുരുത്തിയിൽ സുനു ജോർജ് എന്നിവരാണ് പട്ടികയിൽ.
തലയാഴത്ത് തീരുമാനമായില്ല. വൈക്കത്ത് റിട്ടയേഴ്ഡ് എസ്ഐയാണ് പരിഗണനയിൽ.