കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കില്ല.
സ്വര്‍ണക്കടത്ത് വിവാദം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഫൈസല്‍ മത്സരിക്കേണ്ടെന്ന് സിപിഎം സംസ്ഥാന കമ്മറ്റി ജില്ലാ കമ്മിറ്റിയെ അറിയിച്ചതായാണ് വിവരം.
തുടര്‍ന്നാണ് ജില്ലാ കമ്മിറ്റി ഫൈസല്‍ മത്സരിക്കേണ്ടെന്ന തീരുമാനമെടുത്തത്. 15-ാം ഡിവിഷന് ചുണ്ടപ്പുറം വാര്‍ഡിലായിരുന്നു ഫൈസലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
സിപിഎം സ്വതന്ത്രനായായിരുന്നു മത്സരിക്കാന്‍ തീരുമാനിച്ചത്. നേരത്തെ മത്സരിച്ച് വിജയിച്ച പറമ്പത്തുകാവ് സ്ത്രീസംവരണ വാര്ഡായതിനെത്തുടര്ന്നായിരുന്നു ചുണ്ടപ്പുറം വാര്‍ഡില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് സിപിഎം സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കേണ്ടെന്ന തീരുമാനമുണ്ടായത്. സ്വര്‍ണക്കടത്ത് കേസന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഫൈസലിനെ കസ്റ്റഡിയിലെടുത്തത് ഏറെ വിവാദമായിരുന്നു.
സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുകയാണെങ്കില്‍ സിപിഎമ്മിനെതിരേയുള്ള ആയുധമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ ഉപയോഗിക്കും. സിപിഎമ്മിന്റെ മറ്റു സീറ്റുകളില്‍ കൂടി ഇതു പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കെയാണ് പുതിയ തീരുമാനം.
ഫൈസലിനെതിരേ നേരത്തെയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി കോടികളുടെ സ്വര്‍ണം കടത്തിയ കേസിലായിരുന്നു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഫൈസലിനെതിരേ നടപടിയെടുത്തത്.
ഈ കേസിലെ മുഖ്യപ്രതി ഷഹബാസിന്റെ സുഹൃത്തായിരുന്നു ഫൈസലെന്നാണ് ഡിആര്‍ഐ കണ്ടെത്തിയത്. ഷഹബാസിന്റെ കാര്‍ ഫൈസലിന്റെ വീട്ടില്‍ നിന്ന് ഡിആര്‍ഐ കോഴിക്കോട് യൂണിറ്റ് കണ്ടെത്തിയിരുന്നു.
നയതന്ത്ര കേസില്‍ അറസ്റ്റിലായ കെ.ടി.റമീസിന്റെ മൊഴിയാണ് ഫൈസലിനെതിരേ നിര്‍ണായക തെളിവായി മാറിയത്.