സ്വന്തം ലേഖകൻ
തൃശൂർ: ഒരു തുള്ളി കള്ളുപോലും കൈകൊണ്ട് തൊടില്ല!! പുതുവർഷത്തിലെ ഏതെങ്കിലും മദ്യപാനിയുടെ പ്രഖ്യാപനമല്ല ഇത്.
ഒരു തുള്ളി കള്ളുപോലും കൈകൊണ്ടു തൊടാതെ കള്ളു വിൽപന നടത്തുന്ന ഒരു കള്ളുഷാപ്പിന്റെ വിശേഷണമാണിത്.
പഴുവിൽ കള്ളുഷാപ്പാണ് കോവിഡ് കാലത്ത് വളരെയധികം സുരക്ഷയോടെ കള്ളുവിൽപന നടത്തുന്നത്. ഈ ഷാപ്പിൽ കള്ള് കുടിക്കാനെത്തുന്നവർക്ക് ഷാപ്പു പരിസരത്തുനിന്ന് കുടിക്കാൻ അനുവാദമില്ല.
കുപ്പി കൊണ്ടുവന്ന് പൈപ്പിൽനിന്ന് കള്ളുപിടിച്ചുകൊണ്ടുപോയ്ക്കോണം.
അതാണ് പഴുവിലെ കള്ളു ഷാപ്പ്. ടാപ്പിൽനിന്ന് കുപ്പിയിൽ വെള്ളം പിടിക്കും പോലെ വേണം ഈ ഷാപ്പിൽനിന്ന് കള്ള് പാഴ്സൽ വാങ്ങാൻ. കുപ്പിയിൽ കള്ളുനിറച്ച് പോകുന്നവരെ നിങ്ങൾക്കിവിടെ കാണാം.
മദ്യപാനം പോലെതന്നെ കോവിഡും ആരോഗ്യത്തിന് ഹാനികരമായതിനാലാണ് ഇത്തരത്തിലൊരു അകലം പാലിച്ചുള്ള കള്ളുവിതരണം നടത്തുന്നതെന്ന് ഷാപ്പുകാർ പറഞ്ഞു.
അകത്തുനിന്നും അളന്നെടുത്ത കള്ള് ഫണലിലൂടെ ഒരു പൈപ്പിലേക്ക് ഒഴിക്കും. ഷാപ്പിനു പുറത്തേക്കാണ് പൈപ്പിന്റെ കിടപ്പ്. അതിലൂടെ കള്ളങ്ങോട്ട് ഒഴുകിയെത്തും.
പുറത്തു കാത്തുനിൽക്കുന്ന ആവശ്യക്കാരൻ കുപ്പി പൈപ്പിൻ ചുവട്ടിൽ പിടിച്ചാൽ കള്ളുനിറഞ്ഞ കുപ്പിയുമായി മടങ്ങാം. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഷാപ്പിലിരുന്നു കുടിക്കാൻ പാടില്ലാത്തതിനാൽ ഈ സംവിധാനത്തോട് ആവശ്യക്കാരും പൊരുത്തപ്പെട്ടിരിക്കുന്നു.
കുപ്പിയിലോ പാത്രത്തിലോ കള്ളു വാങ്ങി പോകുന്നവർക്ക് ഷാപ്പിലിരുന്ന് രണ്ടെണ്ണം അടിക്കാൻ കഴിയാത്തതിന്റെ വിഷമമുണ്ടെങ്കിലും വേറെ വഴിയില്ലാത്തതിനാൽ ഇതു തന്നെ രക്ഷ എന്നാണ് കമന്റ്.
ഷാപ്പ് മാനേജർമാരായ ഷിനോജും ഷിജിത്തുമാണ് സാമൂഹിക അകലം കൃത്യമായും പാലിച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള കള്ളു വിതരണം ഒരുക്കിയത്.
ഗ്ലൗസും മാസ്കുമെല്ലാം ധരിച്ച്, നോട്ടുകൾ പോലും പരമാവധി അണുവിമുക്തമാക്കിയാണ് ഷാപ്പിന്റെ പ്രവർത്തനം.
കള്ളു വാങ്ങാനെത്തുന്നവർ പണം ചെറിയൊരു പാത്രത്തിൽ വെക്കണം. ഗ്ലൗസ് ധരിച്ച ജീവനക്കാർ സാനിറ്റൈസ് ചെയ്താണ് പണമെടുക്കുക.