സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയനായിരുന്ന യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റാഷിദ് ഖമീസ് അലിയെ യുഎഇ വിദേശമന്ത്രാലയം പുറത്താക്കി.
എന്നാല്‍ ഇന്ത്യയ്ക്കു കൈമാറാതെ യുഎഇ ഉദ്യോഗസ്ഥര്‍ക്കു ചോദ്യം ചെയ്യാനും കേസ് അന്വേഷിക്കാനും അവസരം നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കോണ്‍സുലര്‍ ജനറലിനെതിരേയും അന്വേഷണം നടക്കും.
അറ്റാഷെയുടെ നയതന്ത്രപരിരക്ഷ പിന്‍വലിച്ചതിനു പിന്നാലെയാണ് സര്‍വീസില്‍നിന്നും നീക്കിയത്. നയതന്ത്രചാനലിലൂടെ സ്വര്‍ണം കടത്തുന്നതു കണ്ടെത്തിയപ്പോള്‍ വിട്ടുകിട്ടാന്‍ അറ്റാഷെ ഇടപെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു.
അറ്റാഷെ റാഷിദ് ഖാമിസ് അലിക്കു സ്വപ്ന സുരേഷുമായുള്ള പങ്കിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. സ്വര്‍ണം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ബാഗേജ് അയച്ച സ്ഥലത്തേക്ക് തന്നെ
തിരിച്ചയക്കാന്‍ ആവശ്യപ്പെട്ട് എയര്‍ കോര്‍ഗോ വിഭാഗത്തിലെ കസ്റ്റംസ് അസി. കമ്മീഷണര്‍ അറ്റാഷെയുടെ ഇമെയില്‍ സന്ദേശമെത്തിയിരുന്നു. ജൂലായ് മൂന്നിന് 1.42നാണ് സന്ദേശം വന്നത്.
അറ്റാഷെയുടെ ആവശ്യപ്രകാരം സ്വപ്നയാണ് കത്ത് തയാറാക്കി അറ്റാഷെയ്ക്ക് ഇ-മെയില്‍ ആയി അയച്ചത്. ഈ കത്ത് അറ്റാഷെ കസ്റ്റംസ് അസി. കമ്മീഷണര്‍ക്ക് അയച്ചുനല്‍കുകയായിരുന്നു.
അതിനിടെ, പാഴ്സല്‍ അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെയാണെന്ന് വ്യക്തമാക്കുന്ന കത്തും കസ്റ്റംസിനു ലഭിച്ചു.
സ്വര്‍ണക്കടത്തില്‍ അറ്റാഷെയ്ക്ക് പങ്കുണ്ടെന്ന വിധത്തില്‍ പ്രതികളുടെ മൊഴികള്‍ പുറത്തുവന്നതോടെ അദേഹം ഡല്‍ഹിവഴി യുഎഇയിലേക്ക് മടങ്ങിപ്പോയിരുന്നു.
അറ്റാഷെയുമായി അന്വേഷണ സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ യുഎഇ നയതന്ത്ര കാര്യാലയത്തോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് ഇദേഹം മടങ്ങിയത്.
ഇന്ത്യയുടെ സമര്‍ദത്തെ തുടര്‍ന്നു യുഎഇ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു അറ്റാഷെയ്ക്കെതിരേ അന്വേഷണം നടത്തിയിരുന്നു. ഇന്ത്യയിലെ ഏജന്‍സികളുടെ ആരോപണം ശരിയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇദേഹത്തെ പുറത്താക്കിയത്.
ഇതു കൂടാതെ ഇദേഹത്തിന്റെ കാലഘട്ടത്തിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിരിക്കാം എന്ന നിഗമനവും യുഎഇ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഏജന്‍സികള്‍ക്കു ഇദേഹത്തെ വിട്ടുകിട്ടാത്തതു പ്രതികളില്‍ പലര്‍ക്കും രക്ഷപ്പെടാനുള്ള അവസരമൊരുക്കും.