സ്വന്തം ലേഖകൻ
തൃശൂർ: സ്പോർട്സ് ട്രാക്കിൽ നിന്നും മാറി പൊളിറ്റിക്കൽ ട്രാക്കിലേക്ക് ധന്യ രാമചന്ദ്രൻ. ഇന്ത്യയെ പ്രതിനിധീകരിച്ച് ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും ജാവലിൻ ത്രോയിലുമെല്ലാം ഇന്റർനാഷണൽ മാസ്റ്റേഴ്സ് മീറ്റുകളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള അവണൂർ സ്വദേശിനി ധന്യ രാമചന്ദ്രൻ അവണൂർ ഡിവിഷനിൽ നിന്നും ജില്ല പഞ്ചായത്തിലേക്ക് ബിജെപി ടിക്കറ്റിലാണ് മത്സരിക്കുന്നത്.
സുരേഷ്ഗോപി എംപിയുടെ ആരാധികയായ ധന്യയെ സ്പോർട്സ് മീറ്റുകൾക്ക് പോകും മുന്പ് സുരേഷ്ഗോപി വിളിച്ച് ആശംസകൾ നേരാറുണ്ട്.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും മോദി സർക്കാരിന്റെ സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടിയുള്ള പല നല്ലകാര്യങ്ങളുമാണ് തന്നെ രാഷ്ട്രീയത്തിന്റെ ട്രാക്കിലേക്ക് എത്തിച്ചതെന്ന് ധന്യ പറയുന്നു. കഴിഞ്ഞ മാസമാണ് ധന്യ ബിജെപിയിൽ ചേർന്നത്.
പാർട്ടിയിൽ ചേരും മുന്പും തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കും മുന്പും സുരേഷ്ഗോപിയുമായി സംസാരിച്ചിരുന്നുവെന്നും ധൈര്യമായി മുന്നോട്ടുപോകാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചെന്നും ധന്യ രാമചന്ദ്രൻ പറഞ്ഞു.
രാഷ്ട്രീയത്തിൽ സജീവമാകുന്പോഴും സ്പോർട്സ് വിട്ട് ധന്യക്ക് വേറെ കളിയില്ല. ജപ്പാനിൽ നടക്കാനിരിക്കുന്ന വേൾഡ് മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്കുള്ള ഈ ട്രാക്കുമാറ്റം.
ജപ്പാൻ മീറ്റിന്റെ തിയതി നിശ്ചയിച്ചിട്ടില്ലെങ്കിലും പരിശീലനം നടക്കുന്നുണ്ടെന്ന് ധന്യ പറഞ്ഞു. സിംഗപ്പൂരിൽ നടന്ന മാസ്റ്റേഴ്സ് ഇന്റർനാഷണൽ മീറ്റിൽ ഇന്ത്യക്കു വേണ്ടി മൂന്നു സ്വർണവും ബ്രൂണോയിൽ നടന്ന മാസ്റ്റേഴ്സ് ഇന്റർനാഷണൽ മീറ്റിൽ രണ്ടു സ്വർണവും ഒരു വെള്ളിയും ഇന്ത്യയെ പ്രതിനിധീകരിച്ച് ധന്യ നേടി.
കോണ്ഗ്രസിന്റെ സജീവ പ്രവർത്തകരുള്ള കുടുംബത്തിൽ നിന്നാണ് ധന്യ ബിജെപിയിലേക്ക് വന്നത്. ഭർത്താവ് രാമചന്ദ്രൻ ഫോട്ടോഗ്രാഫറാണ്. രണ്ടു മക്കളുണ്ട്.