ലോകത്തിലെ ഏറ്റവും വില കൂടിയ പ്രാവെന്ന നേട്ടം ന്യൂ കിം സ്വന്തമാക്കി.ഒരുപാട് മത്സരങ്ങളിൽ വിജയിച്ചിട്ടുള്ള ഇവൾ റേസിംഗ് ലോകത്തെ താരമാണ്.
ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഒരു വ്യക്തി ഓൺലൈനിൽ 11 കോടി 41 ലക്ഷം രൂപ ലേലം വിളിച്ചപ്പോഴാണ് കിം ആദ്യമായി വാർത്തകളിൽ നിറയുന്നത്.
വെറും 200 യൂറോയ്ക്കാണ് ന്യൂ കിമ്മിന്റെ ലേലം ആരംഭിച്ചത്. എന്നാൽ ഏഴ് ദിവസം നീണ്ടു നിന്ന് ലേലത്തിനൊടുവിൽ 16 കോടി 77 ലക്ഷം രൂപയ്ക്കാണ് ന്യൂ കിം വിറ്റു പോയത്.
ബെൽജിയം സ്വദേശികളായ അച്ഛൻ ഗാസ്റ്റണും മകൻ കേർട്ട് വാൻ ഡി വൗവറും ചേർന്നാണ് പ്രാവുകളെ ലേലത്തിന് വച്ചത്.
ഇന്നലെയാണ് ലേലം അവസാനിച്ചത്. 2019 -ൽ മറ്റൊരു ബെൽജിയം പ്രാവായ അർമാണ്ടോയെ ഒരു ചൈനീസ് കൺസ്ട്രക്ഷൻ ഉടമ വാങ്ങിയത് 10 കോടിക്കാണ്.
ആ റിക്കാർഡാണ് ന്യൂ കിം തകർത്തത്. രണ്ട് വയസ് പ്രായമുള്ള കിമ്മിനെ ബ്രീഡ് ചെയ്യുന്നതിനാണ് ചെനീസ് സ്വദേശി വാങ്ങിയതെന്ന് പിഐപിഎ അറിയിച്ചു.
അർമാണ്ടോയെയും ന്യൂ കിമ്മിനെയും വാങ്ങിയത് ഒരാളാണെന്ന സംശയവും ഇവർ പങ്കുവയ്ക്കുന്നു. ന്യൂ കിം പെൺവിഭാഗത്തിൽപ്പെട്ടതും അർമാണ്ടോയ ആൺ വിഭാഗത്തിൽപ്പെട്ട പ്രാവുമാണ്.