കോട്ടയം: ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രിയ പ്രേരിതമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായടയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായടയ്ക്കാനാവില്ല.
അഴിമതി നടത്തിയെന്ന് പറയുന്ന കമ്പനിക്ക് കൂടുതൽ വർക്കുകൾ സര്‍ക്കാര്‍ നൽകുന്നു. ഗുരുതരമായ അഴിമതി നടത്തിയ കമ്പനി ആണെങ്കിൽ ആ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം.
ജനങ്ങളുടെ മനസില്‍ സംശയം ജനിപ്പിച്ച് അതില്‍ നിന്ന് നേട്ടം ഉണ്ടാക്കാനാണ് ഇടതുപക്ഷ സർക്കാര്‍ ശ്രമിക്കുന്നത്. ഇത് തിരിച്ചടിയാകും
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിന്റെ 70 ശതമാനം ജോലി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നടന്നത്. ബാക്കി 30 ശതമാനം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നടന്നത്.
മേല്‍പ്പാലം ഭരണനേട്ടമായി പ്രചരിപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. 30 ശതമാനം നിര്‍മാണത്തിലെ അപാകതകളില്‍ ആര് മറുപടി പറയും.
പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകിയതാണ് അഴിമതി ആരോപണത്തിന്റെ തുടക്കം. പാലത്തിന്റെ കോണ്‍ക്രീറ്റ് പണികളും ടാറിംഗും മറ്റും നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. അങ്ങനെയെങ്കില്‍ ഈ പാലത്തിന്റെ അപാകതകളില്‍ ഇടതുപക്ഷ സര്‍ക്കാരിനും ഉത്തരവാദിത്തമില്ലേ.
മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തു എന്നത് മാത്രമാണ് ഇബ്രാഹിം കുഞ്ഞിന്റെ കുറ്റം. മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തത് കുറ്റമാണെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്തും മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്ത് നിരവധി വര്‍ക്കുകള്‍ നടക്കുന്നുണ്ട്.
മൊബിലൈസേഷന്‍ അഡ്വാന്‍സ് പലിശ സഹിതം സര്‍ക്കാരിന് കിട്ടി. മേല്‍പ്പാലം നിര്‍മാണത്തിലെ അപാകതകള്‍ക്ക് കാരണമായ കമ്പനിയെ എന്തുകൊണ്ട് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല. തിരുവനന്തപുരത്ത് മാത്രം ആയിരത്തിലധികം കോടി രൂപയുടെ വര്‍ക്ക് ഈ കമ്പനിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
പാലത്തിന്റെ ബലക്ഷയം തിരിച്ചറിയാന്‍ ഐഐടി ലോഡ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ചെയ്യാന്‍ തയാറാവാതെ അപ്പീല്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.