പയ്യന്നൂർ: പതിനൊന്നു വര്‍ഷം ഒപ്പം കഴിഞ്ഞ ഭര്‍ത്താവിനോടും പത്തുവയുള്ള മകനോടും റ്റാറ്റാ പറഞ്ഞു ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം മുപ്പത്തിരണ്ടുകാരി യാത്രയായി.
ഇന്നലെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലാണ് നൊന്തുപെറ്റ മകന്റെ കരച്ചില്‍പോലും വകവയ്ക്കാതെ യുവതി കാമുകനോടൊപ്പം യാത്രതിരിച്ചത്.
യുവതിയെയും മകനെയും മൂന്നു ദിവസം മുമ്പാണ് കാണാതായത്. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഓട്ടോയിലാണ് ഇവര്‍ പോയതെന്നു മനസിലായി.
ബന്ധുവീടുകളിലും മറ്റും നടത്തിയ അന്വേഷണം വിഫലമായതോടെ ബന്ധുക്കള്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതേതുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ യുവതിയും മകനും കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ എത്തിയതായി സൂചന ലഭിച്ചു.
തുടര്‍ന്ന് പെരുവണ്ണാമൂഴി പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെയും മകനെയും പെരുവണ്ണാമൂഴിയില്‍ കണ്ടെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന കാര്‍പെന്റർ ജോലിക്കാരനായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
പയ്യന്നൂരിലെത്തിച്ച യുവതിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഭര്‍ത്താവറിയാതെ പടര്‍ന്നു പന്തലിച്ച ഫേസ് ബുക്ക് പ്രണയകഥ പുറത്തുവന്നത്.
പോലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്നെത്തിയ ഭര്‍ത്താവിനെ തിരിഞ്ഞു നോക്കാന്‍ പോലും തയാറാകാത്ത യുവതി മകനെ ഭര്‍ത്താവിനൊപ്പം വിടുകയായിരുന്നു. തുടർന്നു യുവതി കാമുകനോടൊപ്പം യാത്രയായി!