കളമശേരി: ഏലൂരിൽ ജ്വല്ലറിയുടെ ഭിത്തിതുരന്ന് 1.5 കോടിയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പോലീസ് അന്വേഷണം സിസിടിവി കാമറകൾ കേന്ദ്രീകരിച്ച്.
കവർച്ചക്കാർ കടയിലെ സിസിടിവി കൊണ്ടുപോയതിനാൽ സമീപ പ്രദേശങ്ങളിലെ നിരീക്ഷണ കാമറകളിൽനിന്ന് ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ് പോലീസ്.
വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. കമ്പനിപ്പടി ജംഗ്ഷനിലെ ഫാക്ട് ഷോപ്പിംഗ് കോംപ്ലക്സിൽ വാടകമുറിയിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ജൂവലറി ഉടമ ശോഭനാലയത്തിൽ വിജയകുമാറിന്റെ മൊഴി രേഖപ്പെടുത്തി.
വളരെ ആസൂത്രിതമായ രീതിയിൽ ചെയ്തതിനാൽ മോഷണസംഘം പലവട്ടം സ്ഥലം സന്ദർശിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. അതിനാൽ ലോഡ്ജുകളിൽ അടുത്ത ദിവസങ്ങളിൽ മുറിയെടുത്തവരെയും ഇതരസംസ്ഥാനക്കാരെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട് .
ഞായറാഴ്ച രാത്രി 11നും തിങ്കളാഴ്ച പുലർച്ചെ നാലിനും ഇടയിലാണ് കവർച്ച നടന്നതെന്നാണ് പോലീസ് നിഗമനം. കമ്പനിപ്പടി ജംഗ്ഷനിലെ ഫാക്ട് ഷോപ്പിംഗ് കോംപ്ലക്സിൽ ഒരുമുറി രണ്ടായി പ്ലൈവുഡ് ഷീറ്റ് കെട്ടി തിരിച്ചാണ് ജ്വല്ലറിയും സലൂണും പ്രർത്തിക്കുന്നത്.
മുറിയുടെ പുറകുവശത്ത് മതിൽ തുരന്ന് ഒരാൾക്ക് പ്രവേശിക്കാവുന്ന ദ്വാരമുണ്ടാക്കി സലൂണിൽ കടന്നശേഷം അവിടത്തെ വാഷ്ബേസിൻ എടുത്ത് മാറ്റി ഷീറ്റ് പൊളിച്ച് ജ്വല്ലറിയിലേക്ക് കയറുകയാണ് ചെയ്തത്.
ജ്വല്ലറിയിലെ ലോക്കറിന്റെ ഷീറ്റ് കട്ടർ ഉപയോഗിച്ച് ലിവറോടെ മുറിച്ചുമാറ്റിയാണ് തുറന്നത്. ഞായറാഴ്ച ജ്വല്ലറി അവധിയായിരുന്നു. ഞായറാഴ്ച രാത്രി ഏഴുവരെ സലൂൺ പ്രവർത്തിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ സമീപത്തെ ബേക്കറി ഉടമയാണ് ഭിത്തി തുരന്ന് കിടക്കുന്നത് കണ്ടത്.