ആലക്കോട്: മലയോരമേഖലയിലെ റോഡ് നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് മദ്യം എത്തിച്ചു നൽകുന്ന മാഫിയ മലയോരമേഖലയിൽ സജീവമാകുന്നു.
കഴിഞ്ഞ രണ്ടുവർഷത്തിനിടയ്ക്ക് മലയോരമേഖലയിൽ പേരെടുത്ത ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള തൊഴിലാളികൾക്കാണു മദ്യം യാതൊരുവിധ നിബന്ധനകളും പാലിക്കാതെ എത്തിച്ചുകൊടുക്കുന്നത്.
യാതൊരു നിബന്ധനകളുമില്ലാതെ എക്സൈസ് വകുപ്പിന്റെ കണ്ണുവെട്ടിച്ചാണ് ഈ മദ്യക്കച്ചവടം. ഇതിന് കുട ചൂടുന്നവർ ബീവറേജ് കോർപ്പറേഷൻ മുതൽ സ്വകാര്യ ബാറുകൾ വരെയുണ്ട്.
വൈകുന്നേരമായാൽ തൊഴിലാളികൾക്ക് കൂലി കിട്ടിയില്ലെങ്കിലും മദ്യം സുലഭമാണ്. അന്യസംസ്ഥാന തൊഴിലാളികൾ ആയതിനാൽ ഇവർ പരാതി പറയുന്നുമില്ല.
കേരളം കൊട്ടിഘോഷിച്ച് നടത്തിയ ആപ്പ് വരെ ഇവരുടെ മുമ്പിൽ പരാജയപ്പെടുകയാണ്. ആപ്പ് അല്ല ഒരു കോപ്പ് ഇല്ലെങ്കിലും മദ്യം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അന്യസംസ്ഥാന തൊഴിലാളികൾ.
400 രൂപ മുതൽ വിലയുള്ള മദ്യം 100 രൂപ കൂട്ടിയാണ് തൊലാളികൾക്ക് നൽകുന്നത്. ഇതിനിടയിൽ പ്രവർത്തിക്കുന്ന വൻകിട മാഫിയകളും സജീവമാണ്.
വ്യാജമായ ആപ്പുകളും നിർമിച്ച് ബീവറേജ് ഔട്ട്ലെറ്റുകളിലും ബാറുകളിലും എത്തി മദ്യം വിൽക്കുന്ന മാഫിയ ആണ് ഇതിനു പിന്നിൽ. ഒരുദിവസം 10,000 രൂപ മുതൽ 20,000 രൂപവരെ ഇവർ ലാഭം കൊയ്യുന്നു.
കൂടാതെ ആപ്പ് രജിസ്റ്റർ ചെയ്യാതെ ബാറുകളിൽ എത്തുന്നവരുടെ പക്കൽനിന്നും മൊബൈൽ നമ്പർ വാങ്ങി വ്യാജ രജിസ്ട്രേഷൻ നടത്തി മൂന്നുലിറ്റർ മദ്യം വരെ വാങ്ങി ഇവർ കരിഞ്ചന്തയിൽ (ബ്ലാക്ക്) ആയി വിൽക്കുന്നു.
ബാറുകളിലും ഇതിന് യാതൊരുവിധ നിബന്ധനകളുമില്ലാതെ യഥേഷ്ടം മദ്യം നൽകുന്നുണ്ട്. ഇതിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലാണു നാട്ടുകാർ.