നിശാന്ത് ഘോഷ്
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ നിർമിച്ച് വില്പന നടത്തുന്ന ചപ്പാത്തി പായ്ക്കിംഗിൽ നിയമത്തിന് പുല്ലുവില.
ജയിൽ അന്തേവാസികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന്റെയും ഗുണമേൻമയുള്ള ഉത്പന്നം ചുരുങ്ങിയ വിലയക്ക് ജനങ്ങൾക്ക് എത്തിച്ചു നൽകുന്നതിനുമാണ്കേരളത്തിലെ സെൻട്രൽ ജയിലുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ ഉത്പന്ന നിർമാണവും വില്പനയും തുടങ്ങിയത്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിയമം നിഷ്കർഷിച്ചാണ് രാജ്യത്തെ എല്ലാ ഭക്ഷ്യോത്പാദന വിതരണ സ്ഥാപങ്ങളും പ്രവർത്തിക്കേണ്ടത്.
നിയമ പ്രകാരം പായ്ക്ക് ചെയ്തുള്ള ഭക്ഷ്യോത്പന്നങ്ങളിൽ ഇത് പായ്ക്ക് ചെയ്ത തീയതി, ഉപയോഗ കാലാവധി എന്നിവയുൾപ്പടെയുള്ള കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തണം.
എന്നാൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും നിർമിച്ച് ജയിൽ കൗണ്ടറിലൂടെയും മറ്റും വിപണനം ചെയ്യുന്ന ചപ്പാത്തി പായ്ക്കറ്റിൽ നിർമാണ തീയതിയോ ഉപയോഗ കാലാവധിയോ രേഖപ്പെടുത്തുന്നില്ല.
പകരം മികച്ച ഉപയോഗസമയം ഇന്നു തന്നെ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു താഴെയായി നിർമാണ തീയതി രേഖപ്പെടുത്താനുള്ള സ്ഥലമുണ്ടെങ്കിലും ഇത് ഒഴിച്ചിട്ടിരിക്കുകയാണ്.
ഇതിനാൽ തങ്ങളുടെ കൈകളിലെത്തുന്ന ഉത്പന്നം പുതിയതാണോ പഴയതാണോ എന്നു പോലും ഉപഭോക്താവിന് ഒരിക്കലും മനസിലാവില്ല.
അതേ സമയം ഓരോ ദിവസവും നിർമിക്കുന്ന ചപ്പാത്തി അന്നു തന്നെവിറ്റു പോകുന്നുണ്ടെന്നും ഒരു പായക്ക്റ്റ് പോലും ബാക്കിയാവുന്നില്ലെന്നുമാണ് ജയിൽ അധികൃതർ പറയുന്നത്.
പായ്ക്ക് ചെയ്തുള്ള ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തിൽ നിർമാണ തീയതിയും ഉപയോഗതീയതിയും നിർബന്ധമാണെന്നും രേഖപ്പെടുത്താതിരിക്കുന്നത് കടുത്ത നിയമലംഘനമാണെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി അധികൃതർ പറഞ്ഞു.
ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.