ചെറുതോണി: പണച്ചെലവില്ലാതെ സ്ഥാനാർഥികളാകാൻ അവസരം ലഭിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിൽ സ്ഥാനാർഥികളുടെ പ്രളയമാണ്.
വിവിധ പോസുകളിലും ഭാവങ്ങളിലുമുള്ള കോമളൻമാരുടെയും കോമളാംഗിമാരുടെയും ചിത്രങ്ങൾസഹിതം വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള സ്ഥാനാർഥികളുടെ പോസ്റ്റുകൾകൊണ്ട് സാമൂഹ്യ മാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ്.
“സ്ഥാനാർഥികൾ’ പോലും അറിയാതെ സ്ഥാനാർഥികളായി ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കൗതുകത്തിനായി ഫെയ്സ് ബുക്കിലും വാട്സാപ്പിലും മറ്റും പോസ്റ്റിട്ട പലരുടെയും “തനി രൂപങ്ങൾ’ സ്ഥാനാർഥിമാരായി പ്രചരിക്കുന്നുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിക്കാനുള്ള പ്രധാനവേദിയും മാധ്യമവുമായി സോഷ്യൽ മീഡിയ മാറിയതോടെയാണ് വോട്ടർമാർ കൂലിയില്ലാ ചുമടുമായി നടക്കുന്നത്. സ്ഥാനാർഥിമാരുടെ ബാഹുല്യംമൂലം നെറ്റ് തുറക്കാൻപോലും സാധാരണക്കാർ മടിക്കുകയാണ്.
കുട്ടികളുടെ പഠനത്തിനായി എല്ലാ വീടുകളിലും ആൻഡ്രോയ്ഡ് സെറ്റുകൾ വാങ്ങിയതാണ് പുലിവാലായതെന്ന് ജനങ്ങൾ പറയുന്നു. വാട്സ് ആപ്, ഫെയ്സ്ബുക്ക്, മെസഞ്ചർ, ട്വിറ്റർ, യുട്യൂബ്, സ്കൈപ്പ്, ഇൻസ്റ്റഗ്രാം, ടിക്ക്ടോക്ക് തുടങ്ങിയുള്ള സോഷ്യൽ മീഡിയകളാണ് ഇപ്പോൾ തെരഞ്ഞെടുപ്പിലെ താരങ്ങൾ.
സോഷ്യൽ മീഡിയകളിൽ പുതുമ കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ. പാരഡി ഗാനങ്ങളിലൂടെ ജനങ്ങളിലേക്ക് സന്ദേശം കൈമാറിയിരുന്നവർ ഇപ്പോൾ വളരെ ചെലവുകുറഞ്ഞ തെരഞ്ഞെടുപ്പ് മാധ്യമമായാണ് സോഷ്യൽ മീഡിയയെ കാണുന്നത്.
പാർട്ടികൾ സ്ഥാനാർഥിയെ നിർണയിക്കുന്നതിനു മുന്പുതന്നെ പലരും സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികളുടെ യഥാർഥ സ്ഥാനാർഥികൾ ആരാണെന്നറിയാൻപോലും സാധിക്കാത്ത സ്ഥിതിയായിട്ടുണ്ട് പലർക്കും. സ്വന്തം വാർഡിലെ സ്ഥാനാർഥികളുടെ മാത്രമല്ല സംസ്ഥാനത്തെ വിവിധ സ്ഥാനാർഥികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണവും കാണേണ്ട ഗതികേടിലാണ് ജനങ്ങൾ.
ഗ്രൂപ്പുകളിൽ ഒരു സ്ഥാനാർഥിയുടെ വിവരങ്ങളും പ്രചാരണവും വന്നാൽ ഉടൻതന്നെ എതിർ സ്ഥാനാർഥിയുടെ പ്രചാരണക്കാർ ബദലായി അതിലും വലിയ പോസ്റ്റുകൾ നിരത്തും. പിന്നെ ചർച്ചയായി വാദപ്രതിവാദങ്ങളുമായി ഗ്രൂപ്പുകൾ സജീവമാകും.
സ്ഥാനാർഥി ബാഹുല്യംമൂലം ഫോണുകൾ ഹാങ് ആയി അത്യാവശ്യ വിവരങ്ങൾപോലും ഫോണിൽ ലഭിക്കാത്ത അവസ്ഥയായെന്നും സാധാരണക്കാർ പറയുന്നു.
ഫോണിലെ ഓട്ടോമാറ്റിക് ഡൗണ്ലോഡ് സിസ്റ്റം പലരും ഇപ്പോൾ ഓഫാക്കിയിട്ടിരിക്കുകയാണ്. വിദ്യാർഥികൾക്ക് സ്കൂളുകളിൽനിന്നുള്ള ക്ലാസുകളും അറിയിപ്പുകളുംപോലും നഷ്ടപ്പെടുകയാണെന്നും പരാതിയുണ്ട്.