ന്യൂയോർക്ക്: ഫൈസർ ആൻഡ് ബയോൺടെക് കന്പനിയുടെ കോവിഡ്-19 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായി.
65 വയസിനു മുകളിൽ പ്രായമുള്ളവരെക്കൂടി പങ്കെടുപ്പിച്ചു നടത്തിയ പരീക്ഷണത്തിൽ വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്നും അടിയന്തര ഉപയോഗത്തിനായി യുഎസ് റെഗുലേറ്ററിയുടെ അനുമതി ഉടൻ തേടുമെന്നും കന്പനി അറിയിച്ചു.
മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായ ആർഎൻഎ അധിഷ്ഠിത കോവിഡ്-19 വാക്സിൻ, ബിഎൻടി162ബി2 വിന്റെ നിർമാതാക്കൾ അമേരിക്കൻ ഫാർസ്യൂട്ടിക്കൽ കന്പനിയായ ഫൈസറും ജർമൻ പങ്കാളി ബയോൺടെക്കുമാണ്.
2020 അവസാനത്തോടെ അഞ്ചു കോടി ഡോസും 2020-21 അവസാനത്തോടെ 130 കോടി ഡോസും കന്പനി നിർമിക്കും.
അമേരിക്കൻ മരുന്നുകന്പനിയായ മോഡേണയുടെ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന വാർത്ത പുറത്തുവന്ന് രണ്ടുദിവസത്തിനുള്ളിലാണ് ഫൈസറും നിർണായക വിവരം പുറത്തുവിട്ടത്. വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് ഈ മാസമാദ്യം ഫൈസർ വ്യക്തമാക്കിയിരുന്നു.
മൂന്നാംഘട്ട പരീക്ഷണത്തിൽ 43,661 പേരാണ് പങ്കെടുത്തത്. നവംബർ 13 വരെ 41,135 പേർ വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു.
വാക്സിൻ സൂക്ഷിക്കുന്നതിനായി മൈനസ് 70 ഡിഗ്രി സെൽഷസ് മുതൽ പത്ത് ഡിഗ്രി സെൽഷസ് വരെ താപനില നിയന്ത്രിക്കുന്ന സംവിധാനവും വികസിപ്പിച്ചതായി ഫൈസർ ചെയർമാനും സിഇഒയുമായ ഡോ. ആൽബർട്ട് ബൊർല പറഞ്ഞു.