കോട്ടയം: ഓണ്‍ലൈൻ പഠനത്തിന്റെ മറവിൽ പ്രണയം. 14കാരി വിദ്യാർഥിനിയെ രാത്രിയിൽ വീട്ടിൽനിന്ന് വിളിച്ചിറക്കി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ.
തിരുവനന്തപുരം കുളത്തുങ്കൽ അന്പലത്തിങ്കൽ പ്ലാവില പുത്തൻവീട്ടിൽ ജെ. രജീഷി(19)നെയാണ് വാകത്തനം പോലീസ് അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈൻ പഠനത്തിനു വീട്ടുകാർ നൽകിയ മൊബൈൽ ഫോണിലൂടെയാണ് വാകത്താനം സ്വദേശിനിയായ പെണ്‍കുട്ടി യുവാവിനെ പരിചയപ്പെടുന്നത്.
ബന്ധം പ്രണയമായി വളർന്നതോടെയാണ് തിരുവനന്തപുരത്തു നിന്ന് രാത്രിയിൽ ബൈക്ക് ഓടിച്ച് വാകത്താനത്തെത്തി പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് യുവാവ് പെണ്‍കുട്ടിയെ കാണുന്നതിനായി എത്തിയിരുന്നത്.
വളരെ ആസൂത്രിതമായി ഇരുവരും ചേർന്നു പ്ലാൻ ചെയ്തായിരുന്നു കൂടിക്കാഴ്ച ഒരുക്കിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പെണ്‍കുട്ടിയും യുവാവും പരിചയപ്പെടുന്നത്.
മൊബൈൽ നന്പർ വാങ്ങിയതിനു ശേഷം വാട്സ് ആപിലൂടെയായി പിന്നീട് സൗഹൃദം. സൗഹൃദം പ്രണയമായതോടെയാണ് യുവാവ് രാത്രിയിൽ പെണ്‍കുട്ടിയെ കാണാനായി വാകത്താനത്ത് എത്തിയത്.
യുവാവിന്റെ ആവശ്യപ്രകാരം രാത്രിയിൽ വീട്ടുകാർ ഉറങ്ങിയതിനു ശേഷം പെണ്‍കുട്ടി അടുക്കള വാതിൽ തുറന്ന് പുറത്തിറങ്ങുകയായിരുന്നു. ഇത്തരത്തിൽ രണ്ടു തവണ പെണ്‍കുട്ടിയും യുവാവും കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ 15ന് യുവാവ് എത്തിയപ്പോൾ വീടിനു വെളിയിലിറങ്ങിയ പെണ്‍കുട്ടി യുവാവിനൊപ്പം പുതുപ്പള്ളിയിലെത്തി. തിരികെ വീട്ടിലെത്തിയപ്പോൾ വീട്ടുകാർ കണ്ട് ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങൾ പുറത്തറിയുന്നത്.
തുടർന്ന് തിങ്കളാഴ്ച വീട്ടുകാർ വാകത്താനം പോലീസിൽ പരാതി നൽകി. മൊബൈൽ ഫോണ്‍ പരിശോധിച്ചതിനു ശേഷം പെണ്‍കുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മുന്‍പും യുവാവ് ഇവിടെ എത്തിയിരുന്നത് മനസിലാക്കിയത്.
വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി. ടോംസിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തി യുവാവിനെ പിടികൂടുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.