കൊല്ലം : ജില്ലയിൽ രണ്ടിടത്തായി നടത്തിയ സംയുക്ത പരിശോധനയിൽ രണ്ടുകോടിയിലേറെ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി. കരുനാഗപ്പള്ളി കൊല്ലം എക്സൈസ് ഉദ്യോഗസ്ഥർ പുലർച്ചയോടെ നടത്തിയ റെയ്ഡിലാണ് വൻലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയത്.
ചവറയിൽനിന്ന് രണ്ട് കിലോയോളം ഹാഷിഷ് ഓയിലും വാഹനവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വീട് വാടകയ്ക്കെടുത്ത് ലഹരി വസ്തുക്കൾ വിൽപ്പന നടത്തിവന്ന സംഘത്തിലെ തൃശൂർ സ്വദേശി സിറാജ്, ചവറ സ്വദേശി അഖിൽരാജ് എന്നിവരാണ് പിടിയിലായത്.
ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തു. രാജ്യാന്തര മാർക്കറ്റിൽ രണ്ട് കിലോ ഹാഷീഷ് ഓയിലിന് രണ്ട് കോടി രൂപവിലവരുമെന്ന് എക്സൈസ് സംഘം പറഞ്ഞു.
കാവനാട്ടുനിന്നാണ് അഞ്ച് കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് വിൽപ്പനയ്ക്ക് തയാറാക്കുന്നതിനിടയിൽ അജിമോനാണ് പിടിയിലായത്. ലഹരിവസ്തുക്കളുടെ വിൽപ്പനയുമായിബന്ധപ്പെട്ട് പിടിയിലായ മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.