ഇന്ത്യയിലെ ചില ഭാഗങ്ങളിൽ ബീഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കേരളത്തിൽ ബിഫ് കറി വിതരണം ചെയ്ത് ചില സംഘടനകൾ പ്രതിഷേധിച്ചത് ഓർക്കുന്നില്ലേ? സംഭവം വൈറലാകുകയും ചെയ്തു.
ഇപ്പോഴിത ഒരു മുൻ ശ്രീലങ്കൻ മന്ത്രി വ്യത്യസ്തമായ ബോധവത്കരണവുമായി എത്തിയിരിക്കുകയാണ്. മത്സ്യത്തിൽ നിന്നു കൊറോണ വൈറസ് പകരുമെന്ന ഭീതി അകറ്റാനായിരുന്നു മുന്‍ ശ്രീലങ്കന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ദിലിപ് വെഡാറച്ചിയുടെ ശ്രമം.
ഇതിനായി കക്ഷി ചെയ്തത് കുറച്ചു കടുപ്പമാണ്. മീൻ പച്ചയ്ക്ക് കടിച്ചു ഭക്ഷിച്ചു! മുൻമന്ത്രി മീൻ പച്ചയ്ക്ക് കടിച്ചു ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്.
“മത്സ്യബന്ധനമേഖലയിലുളള നമ്മുടെ ആളുകള്‍ക്ക് മീന്‍ വില്ക്കാന് സാധിക്കുന്നില്ല. ഇവിടെയുളള ആളുകള്‍ മീന്‍ കഴിക്കുന്നില്ല. നിങ്ങളെ കാണിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഈ മീന്‍ വാങ്ങിയത്.
ഈ രാജ്യത്തെ ജനങ്ങളോട് മത്സ്യം കഴിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. പേടിക്കേണ്ടതില്ല. നിങ്ങള്‍ക്ക് മത്സ്യം കഴിക്കുന്നതിലൂടെ വൈറസ് ബാധ ഉണ്ടാകില്ല.’ ദിലീപ് പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നടത്തിയ ഒരു വാർത്താസമ്മേളനത്തിനിടയിലാണ് ദിലീപിന്റെ ഇത്തരമൊരു നടപടി. വാര്‍ത്താസമ്മേളനത്തിനിടെ ദിലീപ് മീൻ പച്ചയ്ക്കു കഴിക്കുന്ന ചിത്രം ദസൂനി അത്തൗദ എന്നൊരു മാധ്യമപ്രവര്‍ത്തകനാണ് ആദ്യം പങ്കുവച്ചത്.
വൈകാതെ തന്നെ ഈ ചിത്രവും വാർത്താസമ്മേളനത്തിന്റെ വീഡിയോയും വൈറലാവുകയായിരുന്നു. ഒക്ടോബറില്‍ കൊളംബോയിലെ മത്സ്യമാര്‍ക്കറ്റില്‍ വൈറസ് ബാധ പൊട്ടിപുറപ്പെട്ടിരുന്നു.
തുടര്‍ന്ന് മാര്‍ക്കറ്റ് ദീർഘകാലത്തേക്ക് അടച്ചിട്ടു. മീനുകള്‍ക്ക് വന്‍തോതില്‍ വിലകുറഞ്ഞെങ്കിലും ജനങ്ങള്‍ മത്സ്യം വാങ്ങാന്‍ തയ്യാറായിരുന്നില്ല. ഇത് മത്സ്യത്തൊഴിലാളികളെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് കോവിഡ് വ്യാപനം പ്രതികൂലമായി ബാധിച്ച മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥയെക്കുറിച്ച് സമൂഹത്തെ അറിയിക്കാൻ അദ്ദേഹം ഇത്തരം ഒരു ഉദ്യമം ഏറ്റെടുത്തത്. ദിലീപിന്റെ ഇത്തരമൊരു നീക്കത്തിനെതിരെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ്.