കോട്ടയം: കോട്ടയത്തെ സ്റ്റുഡിയോകളിലും പാർട്ടി ഓഫീസുകളിലും ഇപ്പോൾ സ്ഥാനാർഥി ഷൂട്ടിന്റെ തിരക്കും ബഹളവുമാണ്. എത്ര ഗൗരവക്കാരനാണെങ്കിലും സ്ഥാനാർഥിയായാൽ പുഞ്ചിരിക്കാതിരിക്കാൻ പറ്റില്ല.
ചിരിച്ച മുഖവുമായുള്ള സ്ഥാനാർഥികളുടെ പോസ്റ്ററുകൾ കൊണ്ട് നിറയാനൊരുങ്ങുകയാണ് നമ്മുടെ കവലകൾ. സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ മിക്ക സ്റ്റുഡിയോകളിലും പാർട്ടി ഓഫീസുകളിലും ഫോട്ടോയെടുക്കാനായുള്ള സ്ഥാനാർഥികളുടെ നീണ്ട നിരയാണ്.
കോട്ടയത്തെ കേരള കോണ്ഗ്രസ്-എം ജോസ് വിഭാഗം സംസ്ഥാന കമ്മറ്റി ഓഫീസിന്റെ മുകളിലത്തെ നില ഫോട്ടോ ഷൂട്ടിനായി മാറ്റിയിട്ടിരിക്കുകയാണ്.
കോട്ടയം നിയോജക മണ്ഡലത്തിലെ മാത്രമല്ല ജില്ലയിലെ ഏതാണ്ട് മുഴുവൻ ജോസ് വിഭാഗം സ്ഥാനാർഥികളുടെയും ഫോട്ടോഷൂട്ട് ഇവിടെയാണ്. പോസ്റ്ററുകളിലെ ഫോട്ടോയും സ്ഥാനാർഥിയുടെ ചിരിയുമൊക്കെ പോലെയിരിക്കും വോട്ടുകളുടെ എണ്ണവും.
അതിനാൽ പോസ്റ്ററിനായുള്ള ഫോട്ടോ ഷൂട്ട് പ്രചാരണ പ്രവർത്തനങ്ങളിലെ ഏറ്റവും ഗൗരവമുള്ള കാര്യമാണ്.സ്ഥാനാർഥികളെ ചിരിപ്പിക്കുന്നതും സുന്ദരികളും സുന്ദരൻമാരുമാക്കുന്നത് ഫോട്ടോഗ്രാഫർമാരുടെ കഴിവാണ്.
ഫോട്ടോഗ്രാഫർമാർക്ക് തിരക്കിന്റെ തെരഞ്ഞെടുപ്പുകാലം. ഒരു ദിവസം 50 ഫോട്ടോ വരെ എടുത്ത് പോസ്റ്ററിംഗിനായി നൽകേണ്ടി വരുന്നുണ്ട്. സ്ഥാനാർഥി സ്റ്റുഡിയോയിൽ കയറിയാൽ ആദ്യം മേക്കപ്പിനായി സമയം. ചിലർ മേക്കപ്പ് ഇഷ്ടപ്പെടുന്നില്ല.
പിന്നെ ഇങ്ങനെ നിൽക്കണം, ഇരിക്കണം, ചിരിക്കണം എന്നുള്ള ഫോട്ടോഗ്രാഫർമാരുടെ നിർദേശങ്ങളുടെ വിപ്പ്. വിപ്പ് പാലിക്കാതെ വരുന്പോൾ കുശലം പറഞ്ഞും തമാശ പറഞ്ഞും ചിരിപ്പിക്കും.
പൊട്ടിച്ചിരിക്കിടയൽ പോസ്റ്ററിനായുള്ള ഫോട്ടോ ഫോട്ടോഗ്രാഫറുടെ കാമറയിൽ പതിഞ്ഞിരിക്കും. ചില സ്ഥാനാർഥികളെ ഭർത്താക്കൻമാരാണു ചിരിപ്പിക്കുന്നത്. ഭാര്യമാർ ചിരിപ്പിക്കുന്ന ഭർത്താക്കൻമാർ സ്ഥാനാർഥികളുമുണ്ട്.
ചിരിക്കാൻ മടിയായി മസിലു പിടിച്ചു നിൽക്കുന്ന സ്ഥാനാർഥിയെ ചിരിപ്പിക്കാൻ എതിർ സ്ഥാനാർഥിയെ വരെ ഉപയോഗിച്ച ഫോട്ടോഗ്രാഫർമാരുണ്ട്.
സ്റ്റുഡിയോയിൽനിന്നു പുറത്തിറങ്ങി കഴിയുന്പോഴായിരിക്കും എതിരാളി ഫോട്ടോ എടുക്കാനായി ക്യൂവിൽ നിൽക്കുന്ന കാഴ്ച. കീരിയും പാന്പുമാണെങ്കിൽ സ്റ്റുഡിയോയിൽ മിത്രങ്ങൾ തന്നെ.
ഫോട്ടോഗ്രാഫർമാർക്ക് തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയമില്ല. ആരുടെയും ഫോട്ടോയെടുക്കും. ജോലിയുടെ ഭാഗമാണ്. ചില രാഷ്ട്രീയ പാർട്ടികൾ പാർട്ടി ഓഫീസുകളിൽ തന്നെ സ്ഥാനാർഥികളുടെ ഫോട്ടോയെടുക്കാൻ ഫോട്ടോഗ്രാഫർമാരെ സ്പെഷലായി നിയമിച്ചിട്ടുണ്ട്.
കോവിഡ് മുഖംമറച്ചു വോട്ടുപിടിപ്പിക്കുന്ന ഇത്തവണ പോസ്റ്ററിനു വലിയ പ്രാധാന്യമുണ്ടെന്നാണു കോട്ടയത്തെ വൃന്ദാവൻ ഫോട്ടോഗ്രാഫി സ്റ്റുഡിയോ ഉടമ ബിറ്റു വൃന്ദാവൻ പറയുന്നത്.