പയ്യന്നൂര്‍: തേന്‍കെണിയില്‍പ്പെടുത്തി പണം തട്ടുന്ന വാര്‍ത്തകള്‍ നിത്യം കേട്ടുകൊണ്ടിരിക്കുന്ന മലയാളിയെ വെട്ടിലാക്കാന്‍ പുതിയ കെണിയുമായി മാഫിയകള്‍ രംഗത്ത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഇത്തരം കെണിയില്‍പെട്ട് മനസമാധാനവും സ്വസ്ഥതയും നശിച്ചവര്‍ നിരവധിയാണ്.
നഗ്നത പ്രര്‍ശിപ്പിച്ചു നില്ക്കുന്ന യുവതിയുടെ വീഡിയോ കോളിലൂടെയാണ് കെണിയൊരുക്കുന്നതിനായി കളമൊരുക്കുന്നത്. വാട്സാപ്പ് നമ്പറുകളിലുള്ള യുവാക്കളെയാണ് ഇതിന് കരുവാക്കുന്നത്.
ഹിന്ദിയിലുള്ള സംഭാഷണം മനസിലാക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടെങ്കിലും നഗ്നത പ്രകടമാകുന്ന വീഡിയോ നോക്കിയിരിക്കുന്നവരാണ് വെട്ടിലാകുന്നത്. തൊട്ടടുത്ത ദിവസം തേടിയെത്തുന്നത് പുരുഷ സ്വരത്തിലുള്ള ഭീഷണിയാണ്.
നഗ്നത പ്രദര്‍ശിപ്പിച്ച യുവതിയുടെ കൂടെയുള്ള ഫോട്ടോയും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് കുടുംബം നശിപ്പിക്കുമെന്ന ഭീഷണിയാണ് ഫോണിലൂടെ വരുന്നത്.
ഇരകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്നിന്നുമെടുക്കുന്ന ചിത്രങ്ങള്‍ നഗ്നയായ യുവതിയുടെ ചിത്രവുമായി മോര്‍ഫ് ചെയ്താണ് ഇരകളെ കെണിയില്‍ വീഴ്ത്തുന്നത്.
പിന്നീട് യുവതിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന മുഖവുരയോടെ “സിബിഐ സ്പെഷ്യല്‍ ഓഫീസര്‍ വിക്രം ഗോസ്വാമി’യുടെ വിളിവരും.
ഇരകളെ വിശ്വസിപ്പിക്കാനായി സിബിഐ ഓഫീസറുടെ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും വാട്സാപ്പില്‍ വരികയും ചെയ്യുന്നതോടെ ഇരകള്‍ ഇവരുടെ കെണിയില്‍ കുടുങ്ങും. ഇങ്ങിനെ വിളിവരുന്ന നമ്പര്‍ ബ്ലോക്കുചെയ്താലും മറ്റുനമ്പറുകളില്നിന്നും വിളിവരും.
മാനസികമായി ഇരയെ തളര്‍ത്തി ചൊല്‍പ്പടിക്ക് കൊണ്ടുവന്ന് ഒത്തുതീര്‍പ്പെന്ന രീതിയില്‍ പണം പിടുങ്ങുകയാണ് ഈ മാഫിയകളുടെ പ്രവര്‍ത്തന രീതി.
കാലഹരണപ്പെട്ടതോടെ ഉപയോഗശൂന്യമായ സിംകാര്‍ഡുകളുടെ നമ്പര്‍ മൊബൈല്‍ കമ്പനികളില്‍നിന്നു കൈവശപ്പെടുത്തി ആ നമ്പറുകളില്‍നിന്നാണ് വിളിവരുന്നത്.
മുമ്പ് മധ്യപ്രദേശില്‍ വിക്രം ഗോസ്വാമിയെന്ന പേരില്‍ സിബിഐ ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പുനടത്തി പിടിയിലായ ആള് വ്യാജമായി നിർമിച്ച തിരിച്ചറിയല്‍ കാര്‍ഡാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നതെന്നും മനസിലായി.