അന്താരാഷ്ട്ര ബന്ധങ്ങളുള്ള അധോലോക രാജാവാണ് ഇപ്പോൾ ദാവൂദ് ഇബ്രാഹിം എങ്കിലും തുടക്കം ഒരു കവലച്ചട്ടന്പിയുടേതിൽനിന്നു വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല.
ഏതൊരു ലോക്കൽ ഗുണ്ടയുടെയും ജീവിതരീതികളും ചെയ്തികളും തന്നെയായിരുന്നു ഇയാളും ആദ്യകാലഘട്ടങ്ങളിൽ പിന്തുടർന്നിരുന്നത്.
വിദേശത്തുനിന്നും മറ്റുമൊക്കെ ബോംബെയിൽ കപ്പൽമാർഗം എത്തുന്ന ഇലക്ട്രോണിക് സാധനങ്ങൾ മോഷ്ടിച്ചു മറിച്ചു വിൽക്കുക എന്നതായിരുന്നു ദാവൂദിന്റെയും കൂട്ടരുടെയും പ്രധാന തൊഴിൽ.
ഇതോടൊപ്പം സിനിമാ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാനും മുന്നിട്ടിറങ്ങി. അസാന്മാർഗികമായ മാർഗത്തിൽ ദാവൂദിന്റെയും കൂട്ടരുടെയും പോക്ക് പോലീസിനുകാരനായ അച്ഛനു സഹിക്കാൻ കഴിഞ്ഞില്ല.
അദ്ദേഹം അവനെ നേർ വഴിക്കു നടത്താൻ ശ്രമങ്ങൾ നടത്തി. എന്നാൽ, ഇതിനകം തന്നെ ക്രിമിനൽ സംഘങ്ങളുടെ കൂട്ടുകെട്ടിൽ അകപ്പെട്ടിരുന്ന ദാവൂദിന് ആ ലോകമായിരുന്നു ഇഷ്ടം.
പെട്ടെന്നു പണവും സ്വാധീനവും ഉണ്ടാക്കാൻ സാധ്യതകൾ അധോലോകത്താണെന്ന് അവൻ ധരിച്ചുവച്ചിരുന്നു. മാത്രമല്ല, അത്തരം പ്രവൃത്തികളിൽ ഏർപ്പെടുക വഴി അനുയായികൾക്കിടയിൽ ലഭിക്കുന്ന വീരപരിവേഷം അവൻ ശരിക്കും ആസ്വദിച്ചിരുന്നു.
പല കുറ്റകൃത്യങ്ങളിൽനിന്നും അച്ഛന്റെ മേൽവിലാസത്തിൽ ദാവൂദ് രക്ഷപ്പെടുമായിരുന്നു. ഇബ്രാഹിം കസ്കറിന്റെ മകനെന്ന പരിഗണനയിൽ പോലീസുകാരും ദാവൂദിന്റെ പല ചെയ്തികളെയും കണ്ടില്ലെന്നു നടിക്കുകയോ ലഘൂകരിക്കുകയോ ഒക്കെ ചെയ്തിരുന്നു.
എന്നാൽ, ഇത് ഇയാൾക്കു കൂടുതൽ വളമാവുകയാണ് ചെയ്തത്. കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടാതെ ആയതോടെ ഇയാൾ കൂടുതൽ ഗൗരവമുള്ള ചെയ്തികളിലേക്കു തിരിഞ്ഞു.
കള്ളക്കടത്തിന്റെ ഗ്ലാമർ
കള്ളക്കടത്തു രംഗമാണ് അധോലോകത്തിലെ ഗ്ലാമർരംഗമെന്നു ദാവൂദ് മനസിലാക്കി. തനിക്ക് സ്വന്തം നിലയിൽ കള്ളക്കടത്തിലേക്ക് ഉടൻ ചുവടുവയ്ക്കാൻ പരിമിതികളുണ്ടെന്നു മനസിലാക്കിയ ദാവൂദ് 1970കളിൽ ബഷു ദാദ എന്ന പ്രാദേശിക കള്ളക്കടത്തുകാരനുവേണ്ടി പ്രവർത്തിച്ചു തുടങ്ങി.
അവിടെനിന്നു കള്ളക്കടത്തിന്റെ ബാലപാഠങ്ങളും രീതികളുമൊക്കെ അയാൾ പഠിച്ചെടുത്തു. സ്വന്തം നിലയ്ക്കു കാര്യങ്ങൾ ചെയ്യാൻ പ്രാപ്തനായി എന്നു തോന്നിത്തുടങ്ങിയ ഒരു കാലഘട്ടത്തിൽ ബഷുദാദയുമായി ദാവൂദ് തെറ്റിപ്പിരിഞ്ഞു.
ബഷു ദാദയെ സോഡക്കുപ്പി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.
ഈ സംഭവത്തിനു ശേഷം ബഷു ദാദയുടെ പ്രധാന അനുയായി ഖാലിദ് പെഹ്വാനെ കൂടെക്കൂട്ടാൻ ദാവൂദിനായി.
പെഹ്വാന്റെ സഹായത്തോടെ ദാവൂദ് സ്വന്തം നിലയിൽ കള്ളക്കടത്ത് കൂടുതൽ സജീവമാക്കി.
ഡി-കന്പനിയുടെ ഉദയം
1970കളുടെ അവസാനത്തിൽ ജ്യേഷ്ഠൻ ഷബീർ ഇബ്രാഹിം കസ്കറുമൊത്തു സ്വന്തം സംഘത്തെ ദാവൂദ് സൃഷ്ടിച്ചു. ഡി-കന്പനി എന്നാണ് ഇവരുടെ കൂട്ടായ്മ വിശേഷിപ്പിക്കപ്പെട്ടത്.
എന്തിനും തയാറായ കുറെ ചെറുപ്പക്കാരെ കൂടെക്കൂട്ടാൻ ഡി കന്പനിക്കായി. എന്തിനും ഏതിനും കൈയൂക്കുകൊണ്ടു മറുപടി പറയുക എന്നതായിരുന്നു ദാവൂദിന്റെ ശൈലി.
അതിനുവേണ്ടി തെരുവുകളിൽ ചോരയൊഴുക്കാനും അയാൾക്കു മടിയില്ലായിരുന്നു. അധോലോകത്തു തോക്കുകൾ ഉപയോഗിക്കാൻ തുടങ്ങിയതു ദാവൂദിന്റെ കാലം തൊട്ടാണ്.
സൈക്കിൾ ചെയിനും വടിവാളും ഇരുന്പുദണ്ഡുമൊക്കെ ആയുധങ്ങളായി കൊണ്ടു നടന്ന ഗുണ്ടകൾക്കു തോക്ക് നൽകിയാണ് ദാവൂദ് കൂടെക്കൂട്ടിയത്. ഉന്നം തെറ്റാതെ വെടിവയ്ക്കുന്നവർക്ക് ദാവൂദ് സംഘത്തിൽ വലിയ ഡിമാൻഡായിരുന്നു.
(തുടരും).