കൊച്ചി: പിണറായി സർക്കാരിനു തലവേദനയായി ഇഡിയുടെ പുതിയ അന്വേഷണം വരുന്നതായി സൂചന. മന്ത്രിസഭയിലെ ശക്തരായ രണ്ടു മന്ത്രിമാരുടെ മഹാരാഷ്ട്രയിലെ അനധികൃത നിക്ഷേപം
സംബന്ധിച്ച് ഇഡി അന്വേഷണം തുടങ്ങിയെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിരമിച്ച ഒരു െഎഎഎസ് ഉന്നതന്റെ ഒത്താശയിലാണ് ഇൗ ഭൂമി ഇടപാടെന്നും റിപ്പോർട്ടിൽ പറയുന്നു.
200 ഏക്കറോളം ഭൂമിയാണ് ബിനാമി പേരിൽ സ്വന്തമാക്കിയിരിക്കുന്നത്. ഒരു മന്ത്രിയുടെ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് രേഖകൾ സൂക്ഷിച്ചിരിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
മന്ത്രിമാരുടെ പേര് പറഞ്ഞിട്ടില്ലെങ്കിലും സൂചനകൾ വാർത്തയിലുണ്ട്. കണ്ണൂർ സ്വദേശിയായ ബിനാമിയെ ഇഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ ചോദ്യം ചെയ്തേക്കും.
സിന്ധുദുർഗ് ജില്ലയിലെ ദോഡാമാർഗ് താലൂക്കിലാണ് ഭൂമിയെന്നാണ് സൂചന. ഇവിടത്തെ ഭൂമി രജിസ്ട്രേഷൻ വിവരങ്ങൾ ഇഡി ശേഖരിക്കുകയാണ്.
സുപ്രധാന വകുപ്പുകളിലെ മന്ത്രിമാർക്കെതിരെയാണ് അന്വേഷണം. പ്രതിപക്ഷം ഇൗ വിഷയം ഇപ്പോൾ തന്നെ ഉയർത്തി കൊണ്ടുവന്നിട്ടുണ്ട്.
വികസനം തടയാൻ കേന്ദ്രത്തിന്റെ കരുതിക്കൂട്ടിയുള്ള ശ്രമമെന്നാരോപിച്ചു സർക്കാരും പാർട്ടിയും കടുത്ത പ്രതിരോധം തീർക്കുന്നതിനിടെയാണ് മന്ത്രിമാരുടെ ബിനാമി ഇടപാടിലേക്കും അന്വേഷണം നീണ്ടത്.
റിപ്പോർട്ടിൽ പറയുന്ന മറ്റു പ്രധാന വിവരങ്ങൾ ഇങ്ങനെ- ബിനാമി ഭൂമി ഇടപാടുകളുടെ വ്യക്തമായ വിവരങ്ങൾ സഹിതമാണ് ഇഡിക്കു പരാതി ലഭിച്ചത്.
കൃഷിയോഗ്യമായ ഭൂമി, ഏറ്റവും ഉയർന്ന പദവിയിൽ വിരമിച്ച ഈ ഐഎഎസുകാരന്റെ ഇടപെടലിലൂടെ മന്ത്രിമാർക്ക് ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.