തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരേ നിർണായക വെളിപ്പെടുത്തലുമായി ബാർ ഉടമ ബിജു രമേശ്.
ബാർ കോഴക്കേസ് ഒത്തുതീർപ്പാക്കാൻ ഇരുവരും ശ്രമിച്ചെന്നാണ് ബിജു രമേശ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്.കേസിൽനിന്ന് പിന്മാറരുതെന്ന് ആദ്യം തന്നോട് പറഞ്ഞിരുന്നത് പിണറായിയും കോടിയേരിയുമായിരുന്നു. എന്നാൽ പിന്നീട് അവർ തന്നെ കേസ് ഒത്തുതീർപ്പാക്കാനാണ് ശ്രമിച്ചത്.
കെ.എം. മാണി പിണറായിയെ കണ്ടതിനു പിന്നാലെയാണ് കേസ് ഒത്തുതീർപ്പാക്കാൻ നീക്കം നടന്നത്. വിജിലൻസിൽ വിശ്വാസമില്ലെന്നും ബിജു രമേശ് പറഞ്ഞു.
ബാർ കോഴക്കേസിൽ തന്റെ മൊഴി വിജിലൻസ് കൃത്യമായി രേഖപ്പെടുത്തിയില്ല. മുകളിൽനിന്നുള്ള നിർദേശപ്രകാരമാണ് ഇതെന്ന് കേസ് അന്വേഷണത്തിന്റെ ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയിരുന്നതായും ബിജു രമേശ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായി താൻ ഉന്നയിച്ച ആരോപണങ്ങളിലും അന്വേഷണം പ്രഹസനമാകുകയാണ്. ഈ കേസ് കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുകയാണ് വേണ്ടത്.
എൽഡിഎഫും യുഡിഎഫും ഒത്തുകളിച്ച് കേസുകൾ ഇല്ലാതാക്കുകയാണെന്നും ബിജു രമേശ് കുറ്റപ്പെടുത്തി.