കടുത്തുരുത്തി: പുതുതമുറയ്ക്കു തഴയെയും കൈതയെയും തഴപ്പായെയും മനസിലാക്കുന്നതിന് കോതനല്ലൂര്‍ സ്വദേശി തഴനെയ്ത്തമ്മ നടത്തുന്ന അധ്വാനത്തിന് പിന്നിലുള്ളത് വിലയിടാനാവാത്ത ആത്മസമര്‍പ്പണം.
തഴയുടെ നെയ്ത്തു സംസ്കാരത്തെയും കൈത നല്കുന്ന പാരിസ്ഥിതിക സംരക്ഷണത്തെയും നില നിര്‍ത്തി 2000 ത്തോളം കൈതക്കൂട്ടങ്ങളെയാണ് തഴനെയ്ത്തമ്മ എന്ന കൊയ്പ്പള്ളി തെയ്യാമ്മ പരിപാലിക്കുന്നത്.
എല്ലാം പ്ലാസ്റ്റിക് കയ്യടക്കി
വര്‍ഷങ്ങളായി തെയ്യമ്മയുടെ വരുമാനമാര്‍ഗമാണ് പായ നിര്‍മാണം. 1978 ല്‍ മൂത്ത മകള്‍ക്ക് വിവാഹാവശ്യത്തിനാവശ്യമായ രണ്ട്്് പവന് സ്വര്‍ണം വാങ്ങിയത് 60 പായ നെയ്തു കൊടുത്താണെന്ന് പായനെയ്ത്തമ്മ പറഞ്ഞു.
വൈക്കം താലൂക്ക് കേന്ദ്രീകരിച്ചു നാല്പതില്പരം കുടുംബങ്ങളാണ് പായ നിര്‍മിച്ച് വില്‍ക്കുന്നത്. എന്നാല്‍ പ്ലാസ്റ്റിക് പായ വിപണിയില്‍ എത്തിയതോടെ തഴപ്പായ നിര്‍മാണം അവഗണിക്കപെട്ടു.
യന്ത്രവത്കരണവും അസംസ്കൃത സാധനങ്ങളുടെ കുറവും സാങ്കേതികവിദ്യകള്‍ സ്വീകരിക്കാത്തതും ഈ മേഖലയെ പിന്നോട്ടടിപ്പിച്ചു.
വിവിധയിനം പായകള്‍
പായ നെയ്യുന്നവര്‍ കൈതകളില്‍നിന്ന് അരിവാള്‍ ഉപയോഗിച്ച് തഴ മുറിച്ചെടുക്കും. പിന്നീട് തഴയിലെ മുള്ള് നീക്കം ചെയ്ത് ഉണക്കിയെടുക്കും. ദിവസങ്ങളോളം വെയിലത്തിട്ടാലേ തഴ പാകത്തിന് ഉണങ്ങി കിട്ടൂ.
പായ നെയ്ത്തുകാരുടെ കരവിരുതില്‍ നെയ്തെടുക്കുന്ന പായയ്ക്ക് ആവശ്യക്കാരും ഏറെയായിരുന്നു. മെത്തപ്പായ, സാധാരണ പായ, ചിക്കുപ്പായ, പന്തിപ്പായ, തടുക്ക് എന്നിവ ഉള്പെടെയുള്ളവയായിരുന്നു നെയ്തെടുത്തിരുന്നത്.
സാധാരണ പായയും മേത്തപ്പായയും കിടന്ന് ഉറങ്ങുന്നതിനും പന്തിപ്പായ, ചിക്കുപായ എന്നിവ നെല്ലിന്റെ വിളവെടുപ്പുസമയത്ത് കൊയ്തെടുക്കുന്ന കറ്റകള്‍ മെതിച്ചെടുക്കാനും നെല്ല് ഉണക്കാനും പുഴുങ്ങി ഉണക്കാനുമാണ് ഉപയോഗിച്ചിരുന്നത്.
പടക്ക നിര്‍മാണത്തിനും തഴ വേണം
വൈക്കം, ഉല്ലല, തലയാഴം, കല്ലറ, കോതനല്ലൂര്‍, ചാമക്കാല, കടുത്തുരുത്തി, വെള്ളാശ്ശേരി, എഴുമാന്തുരുത്ത് മേഖലയിലാണ് നിലവില്‍ തഴയുള്ളത്. പടക്ക നിര്‍മാണത്തിനായി തഴ ശേഖരിച്ചു തുടങ്ങിയതോടെ ഇവിടെനിന്നും തഴ കിട്ടാതായി.
ഇതോടെ ഈ മേഖലയിലെ പായ നിര്‍മാണം നിലച്ചു. ഒരാള്‍ ഏഴു ദിവസമെടുത്താണ് പായ നെയ്യുന്നത്. നിലവില്‍ ഒരു പായ നെയ്യാനുള്ള തഴ ലഭിക്കണമെങ്കില്‍ 100 രൂപ നല്‍കണം. കൂടാതെ വണ്ടി കൂലി വേറേ നല്‍കണം.
250 മുതല്‍ 300 രൂപ വരെയാണ് ഇടത്തരം പായയുടെ വില. വലിപ്പത്തിനനുസരിച്ചു ആണ് വില ഇടുന്നത്. പ്ലാസ്റ്റിക് പായകള്‍ വിപണികള്‍ കീഴടക്കിയതോടെ മലയാളിയുടെ സംസ്കാരത്തില്‍ നിന്ന് തഴപ്പായ അപ്രത്യക്ഷമാവുകയായിരുന്നു.
മതിൽ വന്നതോടെ
പുതിയ സംസ്കാരം കേരളക്കരയെ കീഴ്പെടുത്തിയപ്പോള്‍ പുരയിടങ്ങളില്‍ വേലി കെട്ടുന്നതിനു പകരം മതില് സ്ഥാനം പിടിച്ചു . ഇതോടെ പുരയിടങ്ങളിലെ അതിര്‍ത്തികളില്‍ നിന്ന് കൈതകള്‍ വെട്ടി മാറ്റാന്‍ തുടങ്ങി.
വേലി കെട്ടാനായി നടുന്ന കൈതകളില്‍ നിന്നായിരുന്നു പായ നെയ്യാനുള്ള തഴ ശേഖരിച്ചിരുന്നത്. ഒട്ടും ചിലവില്ലാതെ പുരയിടത്തിന്റെ സംരക്ഷണത്തിനായി കൈത അതിരുകളില്‍ നട്ടു വളര്‍ത്തുന്ന രീതി കര്‍ഷകര്‍ കൈവിട്ടതോടെ തഴ ലഭിക്കാതായെന്നു തൈയ്യാമ്മ പറഞ്ഞു.