കാസര്‍ഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തലയെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം പത്തനാപുരത്തെ എംഎല്‍എയുടെ ഓഫീസില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് നടത്തിയത്. പോലീസ് സംഘം അതിരാവിലെ തന്നെ പ്രദീപിനെയും കൊണ്ട് കാസര്‍ഗോട്ടേക്ക് യാത്ര പുറപ്പെട്ടു.
ഉച്ചയോടെ കാസര്‍ഗോട്ടെത്തി ഇയാളെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രദീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
മുൻകൂർ ജാമ്യാപേക്ഷ തള്ളി
ഇന്‍സ്പെക്ടര്‍ പി. രാജേഷ്, എസ്ഐ മനോജ് പൊന്നമ്പാറ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എംഎല്‍എയുടെ ഓഫീസിലെത്തി പ്രദീപിനെ കസ്റ്റഡിയിലെടുത്തത്.
പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വിശദമായ വാദങ്ങള്‍ കേട്ടതിനു ശേഷമാണ് ജാമ്യഹര്‍ജി തള്ളിയത്.
ജാമ്യാപേക്ഷയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ 19 ന് പ്രദീപ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ ചോദ്യംചെയ്യലിനായി ഹാജരായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സിഐ എ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
വ്യക്തമായ തെളിവ്
സംഭവത്തില്‍ പ്രദീപിന്റെ ഇടപെടലിന് വ്യക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. കേസില്‍ ഉള്‍പ്പെട്ട നടന് ദിലീപുമായും ഗണേഷ് കുമാറുമായി ബന്ധപ്പെട്ട പല വിവരങ്ങളും പ്രദീപ് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതായും ചോദ്യംചെയ്യലില്‍ അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിരുന്നു.
പ്രദീപിനെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ അന്വേഷണം ഗണേഷ് കുമാറിലേക്ക് നീങ്ങണോ എന്ന കാര്യം തീരുമാനിക്കൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ക്ഷേത്രദര്‍ശനത്തിനായാണ് കഴിഞ്ഞ ജനുവരിയില്‍ കാസര്ഗോട്ടെത്തിയതെന്നാണ് പ്രദീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. സ്വര്‍ണ വാച്ച് വാങ്ങുന്നതിനായാണ് കാസര്‍ഗോട്ടെ ജ്വല്ലറിയിലെത്തിയതെന്നും പറഞ്ഞു.
എന്നാല്‍ കൊട്ടാരക്കരയിലോ കൊല്ലത്തോ ലഭിക്കാത്ത വാച്ച് കാസര്‍ഗോട്ട് കിട്ടുമോ എന്ന് അന്വേഷണസംഘം ആരാഞ്ഞപ്പോള്‍ ഇയാള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ല.
കേസില്‍ ഉള്‍പ്പെട്ട നടന് ദിലീപുമായി യാതൊരു ബന്ധവുമില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും ദിലീപ് കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ ഒരുതവണ ഗണേഷിനൊപ്പവും മറ്റൊരിക്കല്‍ തനിച്ചും സന്ദര്‍ശിച്ചിരുന്നതായി പിന്നീട് സമ്മതിച്ചു.
ദിലീപിന്റെ ഡ്രൈവര്‍ സുനില്‍രാജിനെ പ്രദീപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു.
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിനായി നടന് ദിലീപിനെ അനുകൂലിക്കുന്ന ഏതാനും പേര് കൊച്ചിയില്‍ ഒത്തുചേര്‍ന്ന് തീരുമാനിച്ചിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു.
ഈ യോഗത്തില്‍ ഗണേഷ് കുമാറോ പ്രദീപോ പങ്കെടുത്തിരുന്നോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
ഭീഷണി
കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ ലാലിനെ കോടതിയില്‍ മൊഴിമാറ്റിക്കുന്നതിനായി വീട്ടില്‍ ചെന്നും ബന്ധുക്കള്‍ മുഖേനയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും സ്വാധീനത്തിന് വഴങ്ങാതിരുന്നപ്പോള്‍ ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് ബേക്കലില്‍ രജിസ്റ്റര്‍ ചെയ്ത കേസ്. വിപിന്‍ലാലിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്.
കൊട്ടാരക്കര കോട്ടാത്തല സ്വദേശിയായ പ്രദീപ് പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ കാസര്‍ഗോഡ് ജില്ലയിലെത്തി കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ താമസിച്ചിരുന്നതായും വിപിന്‍ലാലിന്റെ മലാംകുന്നിലെ വീട്ടിലേക്കും ബന്ധുവായ ഗിരീഷ് ജോലിചെയ്യുന്ന കാസര്‍ഗോട്ടെ ജ്വല്ലറിയിലേക്കും പോയിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഹോട്ടലില്‍ നല്കിയ തിരിച്ചറിയല്‍ രേഖകളുടെയും ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രദീപിനെ തിരിച്ചറിഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട് പ്രദീപിന്റെ നാടായ കൊട്ടാരക്കരയിലും പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രദീപ് കാസര്‍ഗോഡ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.