എം.ജെ. ശ്രീജിത്ത്
തിരുവനന്തപുരം: ബാർ കോഴയിൽ രമേശ് ചെന്നിത്തലയ്ക്കെതിരേ ബിജു രമേശിന്റെ പുതിയ ആരോപണങ്ങളിൽ ഒറ്റപ്പെട്ട് ഐ ഗ്രൂപ്പ്. രമേശിന്റെ പുതിയ ആരോപണങ്ങളിൽ കൂടുതലും കുരുങ്ങിയത് ഐ ഗ്രൂപ്പ് നേതാക്കളാണ്.
രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ വിശ്വസ്തനായ വി.എസ്. ശിവകുമാറും കേസിൽ കുരുങ്ങാനൊരുങ്ങുന്പോൾ പ്രതിരോധിക്കാൻ പാർട്ടിയൊന്നാകെ രംഗത്തുവന്നിട്ടില്ല എന്നതാണ് ശ്രദ്ധേയം.
വിവാദത്തെ കോൺഗ്രസിലെ ഗ്രൂപ്പുകൾ സമർഥമായി ഉപയോഗിക്കുകയാണെന്നാണ് സൂചന. ചാനൽ ചർച്ചകളിലും ഐ ഗ്രൂപ്പ് നേതാക്കളാണ് പ്രധാനമായും ചെന്നത്തലയ്ക്കു പ്രതിരോധം തീർക്കാൻ രംഗത്തുവന്നത്.
തന്ത്രപരമായ നീക്കം
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കേണ്ടതു നിലവിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയെയാണ്.
അതുകൊണ്ടു തന്നെ ഉയർന്നുവന്ന ആരോപണത്തിൽ തന്ത്രപരമായ നിശബ്ദത പാലിക്കുകയാണ് എതിർപക്ഷമായ എ ഗ്രൂപ്പ്. അതേസമയം, ചെന്നിത്തല ആരോപണത്തിൽ പെട്ടതോടെ ഐ ഗ്രൂപ്പ് കടുത്ത പ്രതിരോധത്തിലുമാണ്.
ഗ്രൂപ്പ് നേതാവും അദ്ദേഹത്തിന്റെ വിശ്വസ്തനുമായ മുൻ മന്ത്രി വി.എസ് ശിവകുമാറും കോഴ ആരോപണമുനയിലായതു ഗ്രൂപ്പിനുള്ളിൽത്തന്നെ പൊട്ടിത്തെറിക്കുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഗ്രൂപ്പിലും അസ്വസ്ഥത
ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ അടുത്ത ബന്ധുവാണ് ഐ ഗൂപ്പ് നേതാവും എംപിയുമായ അടൂർ പ്രകാശ്. ബിജു രമേശ് ഇത്രയും ഗുരുതരമായ ആരോപണങ്ങളുമായി ഇറങ്ങി പുറപ്പെടുന്നതിനെ അടൂർ പ്രകാശ് തടഞ്ഞില്ലെന്ന വികാരം ഐ ഗ്രൂപ്പിനുള്ളിലുണ്ട്.
ഇതു വരും ദിവസങ്ങളിൽ പൊട്ടിത്തെറിയിലെത്തുമെന്ന് എ ഗ്രൂപ്പ് കരുതാൻ കാരണമിതാണ്. ചെന്നിത്തലയ്ക്കെതിരെയുളള ആരോപണങ്ങളെ പ്രതിരോധിക്കാൻ തത്കാലം എ ഗ്രൂപ്പ് രംഗത്തിറങ്ങില്ല.
ഇന്നലെ ചാനൽ ചർച്ചകളിൽനിന്നെല്ലാം മാറിനിൽക്കാൻ എ ഗ്രൂപ്പ് നേതാക്കൾ ശ്രമിച്ചിരുന്നു. വരുംദിവസങ്ങളിലും അതു തന്നെയായിരിക്കും നിലപാടെന്നാണ് അറിയാൻ കഴിഞ്ഞത്.
മുൻ എക്സൈസ് മന്ത്രി കെ ബാബു മാത്രമാണ് ബിജു രമേശിന്റെ പട്ടികയിലുള്ള എ ഗൂപ്പ് നേതാവ്. ബാബു ആണെങ്കിൽ ഗ്രൂപ്പിനുള്ളിലും രാഷ്ട്രീയത്തിലും അത്ര സജീവവുമല്ല. ഇതു ഉയർത്തി കാട്ടിതന്നെയാണ് എ യുടെ നീക്കങ്ങളെല്ലാം.
ആളെ പിടിത്തം
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇടഞ്ഞു നിൽക്കുന്ന ഐ ഗ്രൂപ്പ് നേതാക്കളെയെല്ലാം എ ഗ്രൂപ്പിലെ എത്തിച്ച് ഐയുടെ വിലപേശൽ ശക്തി കുറയ്ക്കാനുള്ള നീക്കവും ഒരു വശത്ത് ആരംഭിച്ചിട്ടുണ്ട്.
കെ മുരളീധരനടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കളിൽ പലരും ഉമ്മൻ ചാണ്ടിയോടും എ ഗ്രൂപ്പിനോടുമാണ് ഇപ്പോൾ താത്പര്യം. ഇപ്പോഴത്തെ ബിജു രമേശിന്റെ നീക്കങ്ങൾക്കു പിന്നിൽ എഗ്രൂപ്പിനും പങ്കുണ്ടോയെന്നു സംശയിക്കുന്നതിൽ ഒരു കാരണം ഇതാണ്
. ചെന്നിത്തലയ്ക്കെതിരെയുളള ആരോപണങ്ങൾക്കു പിന്നിൽ സിപിഎമ്മും സർക്കാരുമാണെന്നുമാണ് ഐ ഗ്രൂപ്പ് പറയുന്നത്.
സർക്കാരിനെതിരേ ശക്തമായി നീങ്ങിയതിന്റെ പ്രതികാരമാണ് വിജിലൻസ് കേസെടുക്കുമെന്ന ആരോപണം ഐ ഗ്രൂപ്പ് ഉന്നയിക്കുമ്പോൾ അതിനെ പിന്താങ്ങാൻ എ ഗ്രൂപ്പ് രംഗത്ത് എത്തുന്നില്ല എന്നതാണ് പ്രധാനം.