സ്വന്തം ലേഖകൻ
തൃശൂർ: കാക്കനാട് ജയിലിൽ വച്ചാണ് ജിൻസനും പൾസർ സുനിയും തമ്മിൽ കാണുന്നത്. നെടുന്പാശേരി പോലീസ് അറസ്റ്റു ചെയ്ത ഒരു കേസിൽ പെട്ട് കാക്കനാട് ജയിലിലെത്തിയപ്പോഴാണ് ജിൻസൻ പൾസർ സുനിയെ കണ്ടുമുട്ടിയത്.
ഇരുവരും ഒരേ സെല്ലിലായിരുന്നു. ഇവിടെവച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ പല നിർണായക വിവരങ്ങളും സുനി ജിൻസനോട് പറഞ്ഞതായാണ് നേരത്തെ പുറത്തുവന്ന വാർത്തകൾ.
കേസിൽ ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത പല വിവരങ്ങളും സുനി പങ്കുവെച്ചതായും സൂചനകളുണ്ട്. പൾസർ സുനി ജയിലിൽനിന്ന് ഫോണ് വിളിച്ച് പണം ആവശ്യപ്പെട്ട വിവരമടക്കം ജിൻസന് അറിയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു.
സുനി ജയിലിൽ വെച്ചെഴുതിയ കത്ത് ജിൻസൻ മുഖേനയാണ് പുറത്തേക്ക് എത്തിച്ചതെന്നാണ് വിവരം.ജയിലിൽ നിന്ന് പൾസർ സുനി പല പ്രമുഖരേയും വിളിച്ചതായും നേരത്തെ ജിൻസൻ മൊഴി നൽകിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ ജിൻസന്റെ രഹസ്യമൊഴി കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. വിചാരണ കോടതിയിൽ ജിൻസനെ ഇതുവരെ വിചാരണ ചെയ്തിട്ടില്ല.
വരുന്ന ദിവസങ്ങളിൽ ജിൻസന്റെ വിചാരണ നടക്കാനിരിക്കെയാണ് ഇപ്പോൾ മൊഴിമാറ്റത്തിന് പ്രതികൾക്കു വേണ്ടി ചിലർ നിർബന്ധിക്കുന്നതായുള്ള പരാതിയുമായി ജിൻസൻ രംഗത്തു വന്നിരിക്കുന്നത്.