തിരുവനന്തപുരം: ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനിൽ നിന്നും വായ്പയെടുക്കാനുള്ള കിഫ്ബി തീരുമാനത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരേ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശൻ.
എഡിബിക്കും ലോക ബാങ്കിനും എതിരേ ലേഖനമെഴുതിയ ഐസക്കിന് വാക്കു മാറ്റിപ്പറയാം. പണ്ടു ലോണ്‍ നൽകാൻ വന്ന എഡിബിക്കാരെ കരി ഓയിൽ ഒഴിച്ച പാവം സഖാക്കൾ ഇനി തലയിൽ മുണ്ടിട്ടു നടക്കണമെന്നാണു സതീശന്റെ പരിഹാസം.
കിഫ്ബി മസാല ബോണ്ട് 9.72 ശതമാനം പലിശക്കുവാങ്ങി പുലിവാൽ പിടിച്ച ധനമന്ത്രി, ലോകബാങ്ക് ഏജൻസിയായ ഐഎഫ്സിയിൽനിന്ന് വാങ്ങുന്ന ഗ്രീൻ ബോണ്ടിന്റെ പലിശ എത്രയാണെന്നും അദ്ദേഹം ചോദിച്ചു.
ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനിൽ ഗ്രീൻ ബോണ്ടിലൂടെ 1,100 കോടി സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിദേശത്തല്ലാത്തിനാൽ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്നും ഗ്രീൻ ബോണ്ടായോ ഗ്രീൻ വായ്പയായോ പണം സമാഹരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.