മങ്കൊന്പ്: കുടിവെള്ളം പോയിട്ട് സുരക്ഷിതമായ നടപ്പാത പോലുമില്ലാതെ വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങൾ തെരഞ്ഞെടുപ്പു ബഹിഷ്കരണ തീരുമാനവുമായി രംഗത്ത്.
നീലംപേരൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ കിഴക്കേ ചേന്നങ്കരി പ്രദേശത്തെ 30 ഓളം വീട്ടുകാരാണ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.
ചിങ്ങംകരി കോതകരി പാടശേഖരത്തിന്റെ തെക്കേ ചിറയിലെ താമസക്കാരാണ് വർഷങ്ങളായി ദുരിതമനുഭവിക്കുന്നത്. വികസനം എത്തിനോക്കാത്ത പ്രദേശത്തെ ജനങ്ങൾ വർഷങ്ങളായി അടിസ്ഥാന സൗകര്യങ്ങൾക്കായി അധികാരികളുടെ കാരുണ്യം കാത്തു കഴിയുന്നത്.
15 വർഷമായി കുടിവെള്ളം കിട്ടാനില്ലാത്ത പ്രദേശത്തേക്ക് എത്താൻ സുരക്ഷിതമായ ഒരു നടപ്പാത പോലുമില്ലെന്ന് ഇവിടുത്തെ താമസക്കാർ പറയുന്നു.
സർക്കാർ വക കുടിവെള്ളമില്ലെങ്കിലും ആംബുലൻസ് എത്തുന്ന തരത്തിൽ പ്രദേശത്തേക്ക് ഒരു റോഡെങ്കിലും വേണമെന്നാണ് ഇവരുടെ ആവശ്യം. കനകമംഗലം കലുങ്കു മുതൽ കോതകരി പാടത്തിന്റെ പുറംബണ്ടിലൂടെ മൂന്നു മീറ്റർ വീതിയെങ്കിലുമുള്ള റോഡ് നിർമിച്ചാൽ പ്രദേശത്തെ യാത്രാദുരിതത്തിനു പരിഹാരമാകും.
നിലവിൽ തോടിനു മറുകരെയുള്ള കനകമംഗലം കലുങ്ക്, വൈദ്യശാല തുടങ്ങിയ സ്ഥലങ്ങൾ വരെ റാഡ് സൗകര്യമുണ്ട്. വൈദ്യശാല പുരയിടത്തിനു സമീപത്തായി തോടിനു കുറുകെ കലുങ്കു നിർമിച്ചാൽ തങ്ങളുടെ പ്രദേശത്തക്കു റോഡെത്തും. തുടർന്ന് തോടിന്റെ കരയിൽ കൂടി റോഡും നിർമിക്കാം.
യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം യഥാസമയം ചികിത്സ കിട്ടാതെ കഴിഞ്ഞയിടെ രണ്ടു പേർ മരിച്ചിരുന്നു. നിലവിൽ അവശനിലയിലുള്ള രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കിൽ കസേരയിലിരുത്തി പാലം കടന്ന് റോഡിലേക്കെത്തണം.
പ്രദേശത്തെ കുടുംബങ്ങൾ കുടിവെള്ളം വിലയ്ക്കുവാങ്ങുകയാണ്. എന്നാൽ വാഹനങ്ങൾ കടന്നുവരാത്തതു മൂലം കുടിവെള്ളം വിലയ്ക്കു വാങ്ങാൻ പോലുമാകാത്ത ഗതികേടിലാണിവർ.
തോടിനു മറുകരെയുള്ള വീട്ടുമുറ്റങ്ങളിൽ വാഹനമെത്തിച്ച് നൂറുമീറ്ററോളം ഹോസിലൂടെ പന്പു ചെയ്താണ് ഏതാനും വീട്ടുകാർ കുടിവെള്ളം വാങ്ങുന്നത്.
എന്നാൽ അകലെയുള്ള വീട്ടുകാർക്ക് ഇതും അസാധ്യമാണ്. റോഡില്ലാത്തതു മൂലം ഇവിടുത്തെ പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ പോലും സംസ്കരിക്കാനാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
നിലവിൽ തോട്ടുതീരത്തുകൂടിയുള്ള നടപ്പാതയ്ക്കു വീതി തീരെ കുറവാണ്. തോട് ആഴം കൂട്ടുന്നതിനായി കോരിയെടുത്ത ചെളി ഇപ്പോഴും കല്ലുകെട്ടിനു സമീപത്തു നിന്നും നീക്കം ചെയ്യാത്തത് കാൽനടയാത്ര ദുഷ്കരമാക്കുന്നു.
കല്ലുകെട്ടിൽനിന്നും കുട്ടികൾ കാൽവഴുതി വെള്ളത്തിൽ വീഴുന്ന സംഭവങ്ങളും പല തവണ ഇവിടെ ആവർത്തിക്കപ്പെട്ടു. തങ്ങൾ ദുരിതക്കയത്തിൽ മുങ്ങുന്പോഴും കണ്ണു തുറക്കാത്ത ജനപ്രതിനിധികളെ ഇനിയും തങ്ങൾക്കു വേണ്ടെന്നാണ് ഇവരുടെ തീരുമാനം.
ഇതിനായി കഴിഞ്ഞദിവസം ചേർന്ന് യോഗത്തിൽ 65 ഓളം പേർ പങ്കെടുത്തതായി പ്രദേശവാസികൾ പറഞ്ഞു.