
റെനീഷ് മാത്യു
കണ്ണൂർ: മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കെതിരേ സിപിഎമ്മിലും ആഭ്യന്തരവിഭാഗത്തിലും പടയൊരുക്കം. രമൺ ശ്രീവാസ്തവയുടെ ആഭ്യന്തരവകുപ്പിലുള്ള ഇടപെടലുകൾ സർക്കാരിന് മോശം പ്രതിച്ഛായ സൃഷ്ടിച്ചതായാണ് സിപിഎം വിലയിരുത്തുന്നത്.
സർക്കാരിന്റെ കാലയളവിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ടു സിപിഐ ആയിരുന്നു ശ്രീവാസ്തവയ്ക്കെതിരേ ആദ്യം രംഗത്ത് വന്നത്. ഇപ്പോൾ സിപിഎമ്മും രംഗത്തു വന്നിരിക്കുകയാണ്.
ആഭ്യന്തര വകുപ്പിലെ ചില നിയമനങ്ങളുമായി ബന്ധപ്പെട്ട് രമൺ ശ്രീവാസ്തവയ്ക്കെതിരേ ആരോപണങ്ങൾ ശക്തമാണ്. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിൽ 33 ശതമാനം പ്രൊമോട്ടഡ്ഐപിഎസുകാരെ നിയമിക്കണമെന്നാണ് വ്യവസ്ഥ.
എന്നാൽ, രണ്ടു ശതമാനം ഐപിഎസുകാരെ മാത്രമാണ് നിലവിൽ പല വകുപ്പുകളിലും നിയമിച്ചിരിക്കുന്നത്. യുവ ഐപിഎസുകാരെയാണ് വ്യാപകമായി പല തസ്തികകളിലും നിയമിച്ചിരിക്കുന്നത്.
ഭരണപരിചയമില്ലാത്തതിനാൽ ഇവർ ചെയ്യുന്ന പല കാര്യങ്ങളും സർക്കാരിനെതിരായി നീങ്ങുകയാണ്. കേരള പോലീസ് ആക്ടിലെ വിവാദമായ 118 എ ഭേദഗതി ഓര്‍ഡിനന്‍സും സർക്കാരിനെ ഏറെ വിവാദത്തിലാക്കിയിരുന്നു.
നിയമത്തിന്റെ കരടു തയാറാക്കി നൽകിയപ്പോൾ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കു സംഭവിച്ച ചെറിയൊരു നോട്ടപ്പിശകാണെന്ന് ഓർഡിനൻസ് പിൻവലിക്കുന്നതിനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകനായി നിയമിച്ചപ്പോൾ സിപിഎമ്മിലെ ഒരു വിഭാഗം വ്യാപകമായ പ്രതിഷേധത്തിലായിരുന്നു.
എന്നാൽ, ശ്രീവാസ്തവയെ നിയമിക്കുന്നതിൽ തെറ്റില്ലെന്നാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നത്. ഒരു കാലയളവിൽ സിപിഎം ശക്തമായി എതിർത്ത പോലീസ് ഓഫീസറാണ് ശ്രീവാസ്തവ.