അങ്കമാലി: നൂറ്റി നാൽപ്പത്തിയഞ്ച് കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ അങ്കമാലി പോലീസിന്റെ പിടിയിൽ.
ഇടുക്കി തൊടുപുഴ മറ്റത്തിൽ വീട്ടിൽ ആൻസൻ (34), തൊടുപുഴ പെരുമ്പിള്ളിച്ചാൽ ചെളിക്കണ്ടത്തിൽ നിസാർ (37), ഇടുക്കി വെള്ളത്തൂവൽ അരീക്കൽ വീട്ടിൽ ചന്തു (22) എന്നിവരെയാണ് അങ്കമാലി സ്റ്റേഷൻ ഓഫീസർ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു പുലർച്ചെ അറസ്റ്റു ചെയ്തത്.
110 കിലോ കഞ്ചാവ് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽനിന്നും ബാക്കി 35 കിലോ പ്രതികളിൽനിന്നു കിട്ടിയ വിവരമനുസരിച്ചു തൊടുപുഴയിൽ നടത്തിയ പരിശോധനയിലുമാണ് കണ്ടെടുത്തത്.
ആന്ധ്രയിൽനിന്ന്
ആന്ധ്രയിൽനിന്നും സ്ഥിരമായി കാറിൽ കഞ്ചാവു കടത്തി കേരളത്തിൽ വില്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് മൂന്നു പേരും. ആലുവ റൂറൽ എസ്പി കെ. കാർത്തികിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അർധ രാത്രിയോടെ പോലീസ് ഇവരെ പിടികൂടിയത്.
രണ്ടു കാറുകളിലായിട്ടായിരുന്നു സംഘം കഞ്ചാവ് കൊണ്ടുവന്നത്. ആദ്യ വാഹനത്തിൽ ചെറിയ അളവിലെ കഞ്ചാവ് ഉണ്ടായിരുന്നുള്ളൂ. ആ വാഹനം തടഞ്ഞതോടെ പിന്നാലെയെത്തിയ കാർ അതിവേഗം പാഞ്ഞെങ്കിലും പോലീസ് വാഹനം കുറുകെയിട്ട് പിടികൂടുകയായിരുന്നു.
രഹസ്യവിവരത്തെ തുടർന്ന് പാലിയേക്കര ടോൾ മുതൽ പോലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ദേശീയപാതയിൽ കരയാംപറമ്പിനു സമീപത്തുവച്ചാണ് പോലീസ് കഞ്ചാവുമായി വന്ന വാഹനം തടഞ്ഞതും ഇവരെ പിടികൂടിയതും.
പലവട്ടം കടത്തി
ആന്ധ്രയിൽനിന്ന് ഇതിനു മുൻപും കഞ്ചാവ് കടത്തിയിട്ടുള്ളതായി പ്രതികൾ സമ്മതിച്ചതായി നാർക്കോട്ടിക് സെൽ ഡിവൈഎസ്പി മധു ബാബു രാഷ്ട്രദീപികയോടു പറഞ്ഞു.
നാഷണൽ പെർമിറ്റ് ലോറിയിലാണ് കഞ്ചാവു കൊണ്ടുവന്നിരുന്നതെന്നും മൊഴിയുണ്ട്. പ്രതികളിൽനിന്നും ലഭിച്ചു മൊഴിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ കല്ലൂർക്കാട് നിന്നും 35 കിലോയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ പ്രാവശ്യം കൊണ്ടുവന്നതിൽ ബാക്കിയായതാണ് ഇത് എന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്.ആലുവ തഹസിൽദാർ സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തിയ ശേഷമാണ് തുടർ നടപടികൾ പൂർത്തിയാക്കിയത്.
എഎസ്ഐമാരായ വർഗീസ്, ജോസഫ്, സതീശൻ, സ്പെഷൽ ടീം അംഗങ്ങളായ ജിസ്മോൻ, ഷാജി, നിസാർ, റോണി, ശ്യാം, സലിംകുമാർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.