പത്തനംതിട്ട: നാടന്‍ കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയെത്തുടര്‍ന്ന് ഉത്പന്നങ്ങള്‍ കൃഷിയിടത്തില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍.അധ്വാനിച്ചുണ്ടാക്കിയ കാര്‍ഷിക വിളകള്‍ക്ക് വിപണിയില്‍ മെച്ചപ്പെട്ട വില ലഭിക്കാതെ വന്നപ്പോള്‍ ആദായമെടുക്കാതെ കൃഷിയിടത്തില്‍ തന്നെ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുകയാണ്.
സര്‍ക്കാര്‍ 16 ഇനം കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഈ താങ്ങുവിലയ്ക്ക് കാര്‍ഷിക വിളകള്‍ വാങ്ങാന്‍ ഹോര്ട്ടികോര്പോ, സഹകരണ സംഘങ്ങളോ തയാറാകുന്നില്ല.
കാര്‍ഷിക വിളകള്‍ വിളവെടുത്തു തലച്ചുമടായി വാഹന സൗകര്യമുള്ള സ്ഥലങ്ങളില്‍ എത്തിക്കുകയും അവിടെ നിന്ന് വിപണികളിലെത്തിക്കുമ്പോഴും ഉണ്ടാകുന്ന സാമ്പത്തികച്ചെലവ് പോലും ഉത്പന്നങ്ങള്‍ വിറ്റാല്‍ കിട്ടുന്നില്ലെന്നതാണ് കര്‍ഷകരുടെ പ്രധാന പ്രശ്നം.
കാര്‍ഷിക വിളകള്‍ കൃഷിയിടത്തില്‍ തന്നെ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. കാട്ടുപന്നിയോടും കുരങ്ങിനോടും വേഴാമ്പലിനോടും മല്ലടിച്ച് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളാണ് വിളവെടുക്കാതെ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നത്.
കാര്‍ഷികോത്പന്നങ്ങള്‍ക്കു മെച്ചപ്പെട്ട വില ഉറപ്പാക്കാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സംവിധാനത്തില്‍ ഇല്ല..കൃഷിയിറക്കുന്നതിനും മറ്റും സര്‍ക്കാര്‍ നല്കുന്ന വായ്പകള്‍ വിതരണം ചെയ്യുന്നതിന് മാത്രമാണ് സഹകരണ സംഘങ്ങള്‍ക്ക് താത്പര്യമെന്ന് കര്‍ഷകര്‍ പറഞ്ഞു.
കാര്‍ഷികോത്പന്നങ്ങള്‍ ഏറ്റെടുത്ത് വില്പന നടത്താന്‍ സഹകരണ സംഘങ്ങള്‍ തയാറല്ല. കര്‍ഷകര്‍ക്കായി സ്ഥാപിതമായ ഹോര്‍ട്ടികോര്‍പ് കിഴങ്ങുവര്‍ഗങ്ങള്‍ അടക്കം ഏറ്റെടുക്കാറുമില്ല.
നേന്ത്രക്കുല, പൂവന്, പാളയം കോടന്, റോബസ്റ്റ തുടങ്ങിയ വഴക്കുലകളും ഇഞ്ചി, ചേന, കിഴങ്ങ്, കാച്ചില്, കണ്ണന് ചേമ്പ് മുതലായ കാര്‍ഷിക വിളകളുമാണ് ഏറ്റവും കൂടുതല്‍ വിലത്തകര്‍ച്ച നേരിടുന്നത്. ഏത്തക്കുലയക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില 30 രൂപയാണ്.
എന്നാല്‍ ഈ വിലയ്ക്ക് ഏത്തക്കുല ഏറ്റെടുക്കാന്‍ ആരുമെത്തുന്നില്ലെന്ന് മൈലപ്ര കര്‍ഷക കൂട്ടായ്മ കണ്‍വീനര്‍ ഗീവര്‍ഗീസ് തറയിലും സെക്രട്ടറി രാജു പുലൂരും പറഞ്ഞു. കിഴങ്ങുവര്‍ഗങ്ങളുടെ വിലയും പ്രതിദിനം ഇടിയുകയാണ്.