പത്തനംതിട്ട: പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് വിമതരായി രംഗപ്രവേശം ചെയ്ത സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രാദേശിക ഘടകങ്ങള്‍ നിലയുറപ്പിച്ചതോടെ ജില്ലാ നേതൃത്വം വെട്ടിലായി.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുള്ള വിമതര്‍ക്കെതിരെ അച്ചടക്ക നടപടിക്ക്് അതാത് പാര്‍ട്ടി നേതാക്കള്‍ മുതിര്‍ന്നെങ്കിലും പ്രാദേശികതലത്തില്‍ ഇതിനു കാര്യമായ പ്രയോജനമുണ്ടാകുന്നില്ല.
കോണ്‍ഗ്രസിലെ പല പ്രമുഖരും പ്രാദേശിക കമ്മിറ്റികളുടെ പിന്തുണയിലാണ് മത്സരിക്കുന്നത്. ഡിസിസി തലത്തിലുള്ള അച്ചടക്കനടപടിയെ മുഖവിലയ്ക്കെടുക്കാതെ മുന്നോട്ടുപോകാനാണ് പലരുടെയും തീരുമാനം.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധമുള്ള മണ്ഡലം ഭാരവാഹികള്‍ അടക്കം പലയിടത്തും രാജിവച്ചു. പാര്‍ട്ടിയില്‍ നിന്നു രാജിവച്ച് സ്വതന്ത്രരായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചവരുമുണ്ട്.
റാന്നിയില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ് നേതാവ് ബെന്നി പുത്തന്‍പറമ്പില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ എബിന് തോമസിനെതിരെ രംഗത്തുണ്ട്.
ബെന്നിക്കെതിരെയുള്ള അച്ചടക്ക നടപടി ഡിസിസി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിവിധ മണ്ഡലം കമ്മിറ്റികളുടെ പിന്തുണയിലാണ് മത്സരമെന്ന് ബെന്നി പറയുന്നു. സമാനമായ സാഹചര്യം അടൂര്‍, പത്തനംതിട്ട, തിരുവല്ല മേഖലകളിലും കോണ്‍ഗ്രസിനുണ്ടായിട്ടുണ്ട്.
സിപിഎം, സിപിഐ തര്‍ക്കം നിലനില്‍ക്കുന്ന കോഴഞ്ചേരിയില്‍ എല്‍ഡിഎഫ് നേതൃത്വത്തിനും ഇടപെടലുകള്‍ നടത്താനായിട്ടില്ല.