ബാലചന്ദ്രമേനോൻ സിനിമാ ജീവിതത്തിലെ സുപ്രധാന സിനിമകളില്‍ ഒന്നാണ് ഏപ്രില്‍ പതിനെട്ട്. അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ഹിറ്റ് കുടുംബ ചിത്രമാണിത്.
പില്ക്കാലത്ത് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയ ശോഭനയുടെ അഭിനയ അരങ്ങേറ്റം ഈ സിനിമയിലൂടെയായിരുന്നു.
ഏപ്രില്‍ പതിനെട്ടില്‍ ശോഭന അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ശോഭന എന്നായിരുന്നു. ഇതാണ് പിന്നീട് അഭിനയ ജീവിതത്തില്‍ ഉടനീളം അവര്‍ സ്വീകരിച്ചത്.
രസകരമായ കഥ
ഏപ്രില്‍ പതിനെട്ട് എന്ന് സിനിമയ്ക്ക് പേരിടുന്നതിന് പിന്നില്‍ ഒരു രസകരമായൊരു കഥയുണ്ട്. ബാലചന്ദ്രമേനോൻ തന്നെയാണ് ഒരിക്കൽ ഇക്കാര്യം പങ്കുവെച്ചത്.
പ്രശ്നം ഗുരുതരം എന്ന ചിത്രത്തിന്റെ റീ റെക്കാര്‍ഡിംഗ് പ്രസാദ് സ്റ്റുഡിയോയില്‍ നടക്കുന്ന സമയം. നിര്‍മാതാവ് അഗസ്റ്റിന് പ്രകാശ് (സന്തോഷ് ഫിലിംസ്) കയറിവരികയാണ്.
അദ്ദേഹത്തിന്റെ കൈയില്‍നിന്ന് നേരത്തെ അഡ്വാന്‍സ് വാങ്ങിയതാണ്. സ്വതവേ ധൃതിക്കാരനാണ് തൃശൂര്‍ക്കാരനായ ആ മനുഷ്യൻ. പലവട്ടം എനിക്ക് ചുറ്റും വട്ടമിടുന്നു.
പക്ഷേ കഥ റെഡിയാകാത്തതാണ് പ്രശ്നം. എനിക്കൊപ്പം സംഗീത സംവിധായകന് രവീന്ദ്രനുമുണ്ട്. കയറിവന്നപാടെ അഗസ്റ്റിന് പ്രകാശ് പറഞ്ഞു.
സാറേ… ഇനി എനിക്ക് കാത്തിരിക്കാന്‍ വയ്യ… നാട്ടുകാരെല്ലാം ചോദിക്കുന്നു എന്തായി…എന്തായി എന്ന്… ഭാര്യയാണെങ്കില്‍ സ്വൈര്യം തരുന്നില്ല.
കഥയൊന്നുമായില്ലെങ്കില് വേണ്ട. സാര്‍ സിനിമയുടെ പേരെങ്കിലും ഒന്ന് പറഞ്ഞുതാ… കഥയാകാതെ എങ്ങനെ പേരിടുമെന്നായി ഞാൻ. പക്ഷേ അപ്പോഴത്തെ അഗസ്റ്റിന് പ്രകാശിന്റെ ഭാവഹാവാദികള്‍ കണ്ടാല്‍ ആരായാലും പേരിട്ടുപോകും.
ഞാന്‍ പറഞ്ഞു, വൈകിട്ട് അഞ്ചു മണിക്ക് റീ റെക്കാര്‍ഡിംഗ് തീരും. അപ്പോ വന്നാല്‍ പേര് റെഡി… ധാരാളം മതിയെന്ന സമ്മതത്തോടെ അഗസ്റ്റിന് പ്രകാശ് മടങ്ങി.
ഒരു ഐഡിയയുമില്ല
രവീന്ദ്രന് എന്നെ അര്‍ഥഗര്‍ഭമായി നോക്കി. ഞാന്‍ പറഞ്ഞു, കഥ റെഡിയാണോ കഥ റെഡിയല്ല എന്നിടത്താണ് ഈ കഥയുടെ ക്ലൈമാക്സ്. പിന്നെങ്ങനെ പേരിടും എന്തെങ്കിലും ഒരു വഴി ദൈവം കാണിച്ചുതരും… കൃത്യം അഞ്ചുമണിയായപ്പോള്‍ അഗസ്റ്റിന് പ്രകാശ് കയറിവന്നു.
രവീന്ദ്രന് പറഞ്ഞു, ഇനി രക്ഷയില്ല… അയാള്‍ നിങ്ങളേയും പൊക്കിക്കൊണ്ടേ പോകൂ… ആ കടമ്പ എങ്ങനെ കടക്കുമെന്ന് യാതൊരു ഐഡിയയും ഇല്ലെങ്കിലും ഞാന്‍ അഗസ്റ്റിന് പ്രകാശിന്റെ അടുത്തേക്ക് നടന്നു.
പിന്നെ എന്നിലൂടെ സംസാരിച്ചത് ദൈവമാണെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. എപ്പോഴേ കഥ റെഡിയാണെന്ന മട്ടില്‍ ഞാന്‍ സംസാരിച്ചു തുടങ്ങി. കഥ പ്രശ്നമല്ല. അതിനു മുമ്പ് ഒരു കാര്യം നിങ്ങള്‍ ഇങ്ങോട്ടു പറയണം.
എപ്പോഴാണ് പടം റിലീസ് ചെയ്യുന്നത്? ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഏപ്രിലില്‍ റിലീസ് ചെയ്യും. അഗസ്റ്റിന് പ്രകാശ് പറഞ്ഞു, ഉറപ്പാണോ..? 101 ശതമാനം എങ്കില്‍ എനിക്ക് ഒരു അഞ്ചു മിനിട്ട് തരൂ. ഞാന്‍ ഒന്ന് ആലോചിക്കട്ടെ.
പ്രസവമെടുത്തേ പോകൂ എന്ന നിലയില്‍ നില്ക്കുന്ന അഗസ്റ്റിന് പ്രകാശിനെ ഒന്ന് നോക്കി ഞാന്‍ അകത്തെ മുറിയിലേക്ക് പോയി.ഒന്ന് ആലോചിച്ചു. ഏപ്രില്‍ മാസത്തില്‍ റിലീസ് ചെയ്യുന്ന പടം. എങ്കില്‍ പേരില്‍ ഏപ്രില്‍ തന്നെയാകാം.
പക്ഷേ ഒരു തീയതി വേണം. ഒമ്പത് എന്ന നമ്പറിന്റെ വിശ്വാസക്കാരനാണ് ഞാന്‍. പക്ഷേ അതിട്ടാല്‍ വിഷുവിന്റെ മണം കിട്ടില്ല. പിന്നെയും ദിവസങ്ങളുണ്ട് വിഷുവിന്.
എന്നാല്‍ പതിനെട്ട് എന്നാക്കാം. ഏപ്രില്‍ 18 എന്ന പേര് എന്റെ മനസിലേക്ക് എങ്ങനയോ പൊട്ടിവീണു. അപ്പോള്‍ എന്റെ മനസില്‍ കഥയില്ല, ശോഭനയില്ല, ആരുമില്ല…
ഭ്രാന്തൻ കാറ്റു പോലെ
രാത്രിയില്‍ പ്രശ്നം ഗുരുതരത്തിന്റെ ക്ലൈമാക്സിന്റെ റീ റെക്കാര്‍ഡിംഗ് ഉച്ചസ്ഥായിയിലായ സമയത്ത് ഭ്രാന്തന്‍കാറ്റു പോലെ കടന്നുവരുന്നു അഗസ്റ്റിന് പ്രകാശ്.
ഏപ്രില്‍ 18 എന്ന പേര് കേട്ടപ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് പോയ ആളല്ല. പൊട്ടിക്കരയുന്ന പോലെ അയാള്‍ പറഞ്ഞു, സാറേ… ഞാന്‍ ഈ പടം ചെയ്യുന്നില്ല… എന്നെ ഇങ്ങനെ പറ്റിക്കരുതായിരുന്നു.
ഞാന്‍ സാറിനോട് പടത്തിന്റെ പേരാ ചോദിച്ചത്. റിലീസ് ഡേറ്റല്ല. റിലീസ് ഡേറ്റോ, എന്നാരു പറഞ്ഞു..? -ഞാന്‍ അല്പം അസ്വസ്ഥതയോടെ തന്നെ ചോദിച്ചു.
ഇങ്ങനെ ആരെങ്കിലും പടത്തിന് പേരിടുമോ എന്നു ഭാര്യ ചോദിക്കുന്നു…ഞാന്‍ പറഞ്ഞു… ഈ പടത്തിന് ഒരു പേരേയുള്ളു. അത് ഏപ്രില്‍ 18 എന്ന് തന്നെയായിരിക്കും…അവിടെ എന്റെ പ്രാണവേദന തുടങ്ങി.
ഏപ്രില്‍ 18 എന്ന തീയതിയും മുന്നില്‍ വച്ച് കഥയ്ക്ക് വേണ്ടിയുള്ള പേറ്റ്നോവ്… പിന്നീടുണ്ടായതെല്ലാം ചരിത്രം. -ബാലചന്ദ്രമേനോൻ പറഞ്ഞു. -പി.ജി