കോഴിക്കോട്: അപകടമൊളിപ്പിച്ച സൗന്ദര്യഹർഷവുമായി പേരാമ്പ്ര ആവളയിൽ പിങ്ക് വസന്തം. നിപ്പ വൈറസ് കാലത്ത് ഭീതിയോടെ ഏവരും ഉറ്റുനോക്കിയിരുന്ന പേരാമ്പ്രയെന്ന ഗ്രാമമാണ് മറ്റൊരു മഹാമാരിക്കിടെ സന്ദർശകരെ സ്വീകരിക്കാനൊരുങ്ങിയത്.
വൃശ്ചികപ്പുലരിയിലെ മഞ്ഞണിഞ്ഞ ഗ്രാമവഴികളിലൂടെ ആവളയിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്.
‘ചല്ലിപ്പായല്’ എന്നു നാട്ടുകാര്‍ വിളിക്കുന്ന ‘മുള്ളന്‍പായല്‍’ കൂട്ടത്തോടെ പൂവിട്ടതോടെയാണ് ആവളയെന്ന ഗ്രാമം മറുനാടുകളിൽ വരെ അറിയാൻ തുടങ്ങിയത്.
പേരാമ്പ്രയിലെ ആവളയിലേക്കുള്ള റോഡിലെ കുറ്റിയാട്ട് നട കുണ്ടൂര്‍മൂഴി തോട്ടിലാണ് കിലോമീറ്ററുകളോളം മുള്ളന്‍പായല്‍ പിങ്ക് നിറത്തിൽ നിറഞ്ഞുനിൽക്കുന്നത്.
‘പിങ്ക് പൂപ്പാടം’ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ജനങ്ങളുടെ ഒഴുക്കു തുടങ്ങിയത്. ഇതോടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് സ്ഥാനാർഥികളും ഇവിടെ കേന്ദ്രമാക്കാൻ തുടങ്ങി.
ആവളയില്‍ കഴിഞ്ഞവര്‍ഷമാണ് മുള്ളന്‍പായല്‍ ആദ്യമായി പൂവിട്ടത്. അന്ന് വ്യാപകമായി പൂവിട്ടിരുന്നില്ലെന്നതിനാല് ഇത്ര മനോഹരമായ കാഴ്ചയുണ്ടായിരുന്നില്ല.
കബോംബ ജലസസ്യ കുടുംബത്തില്‍പ്പെട്ട ഫര്‍ക്കേറ്റ (Cabomba Furcata), കരോളിനിയാന (Caroliniana) ഇനങ്ങളാണ് ആവളയില്‍ കൂട്ടത്തോടെ പൂവിട്ടിരിക്കുന്നത്. ഇലകള്‍ മുള്ളുപോലെയുള്ളതിനാലാണ് ഇവ മുള്ളന്‍പായല്‍ എന്നറിയപ്പെടുന്നത്.
കബോംബ കരോളിനിയാന ഇനത്തില്‍ പെട്ടവയെയാണ് ആവളയില്‍ കൂടുതലായും കണ്ടതെന്ന് സസ്യനിരീക്ഷകനായ ഡോ. ദിലീപ് ദീപികയോടു പറഞ്ഞു.
കൂട്ടത്തോടെ പൂവിട്ടുനില്‍ക്കുന്ന കാഴ്ച അതിമനോഹരമാണെങ്കിലും ഇത് തദ്ദേശീയ ജലസസ്യങ്ങളെ കൂട്ടത്തോടെ നശിപ്പിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.
ആഫ്രിക്കന്‍ പായല്‍ പോലെ പെട്ടെന്നാണ് പെരുകുക. കാണ്ഡത്തില്‍നിന്നും വിത്തില്‍നിന്നും ഇവ വളരും. വടക്കു-തെക്ക് അമേരിക്കയില്‍നിന്നുള്ള ഈ സസ്യം അക്വേറിയങ്ങളില്നിന്ന് പുറത്തെത്തിയതാവാമെന്നാണ് പറയുന്നത്.
പൂവിന്റെ ഭംഗി കണ്ട് ആവളയില്നിന്ന് ആരെങ്കിലും മുള്ളന്‍പായല്‍ ശേഖരിച്ചു മറ്റിടങ്ങളിലേക്ക് വളർത്താൻ കൊണ്ടുപോകുന്നത് ഗുണകരമല്ലെന്നും അദ്ദേഹം പറയുന്നു. വേണമെങ്കിൽ അക്വേറിയങ്ങളില്‍ മാത്രം വളര്‍ത്തണം.
ജലാശയങ്ങളിലോ വയലുകളിലോ മറ്റോ വലിച്ചെറിഞ്ഞാല്‍ വന്‍ നാശമായിരിക്കും ഫലം. ചെടിയുടെ ഒരു ചെറിയ കഷണം മതി പ്രദേശമാകെ പടര്‍ന്നുപിടിക്കാൻ. സുന്ദരിയായ അപകടകാരിയാണിത്.
വെയില്‍കൊണ്ട് വിടരുന്നവയാണു മുള്ളന്‍പായല്‍ പൂക്കൾ. രാവിലെ 11 മണിയോടെ വിരിഞ്ഞുതുടങ്ങുന്ന പൂക്കള്‍ വെയില് ശക്തമാകുന്നതോടെ കൂടുതല്‍ സുന്ദരമാകും.
വെയില് പോകുന്നതുവരെ ഈ കാഴ്ച നിലനില്ക്കും. വൈകുന്നേരം നാലോടെ പൂക്കള്‍ വാടിത്തുടങ്ങും. മൂന്നു-നാല് ദിവസം ഈ തരത്തില്‍ പൂക്കള്‍ നിലനില്ക്കും.
മുന്‍ വര്‍ഷങ്ങളില്‍ ഇവ ആവളയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ വര്‍ഷമാണ് ഇത്രയും വ്യാപകമായത്. തനത് സസ്യ, മത്സ്യ സമ്പത്തുകൾ തുടങ്ങിയ ജൈവവിധ്യത്തിനു വലിയ ഭീഷണിയാണിത്.
ഒക്ടോബർ-ഡിസംബര്‍ മാസങ്ങളില്‍ പൂവിടുന്ന കബോംബ സസ്യങ്ങളെ ആദ്യഘട്ടങ്ങളില്‍ ആമ്പല്‍, താമര കുടുംബത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.
ഈ സസ്യങ്ങള്‍ തൃപ്പൂണിത്തുറ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ മറ്റു മേഖലകളില്‍ നേരത്തെ പൂവിട്ടിരുന്നുവെന്നും ഡോ. ദിലീപ് പറഞ്ഞു.