മുക്കം: കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്‍ പദ്ധതി ജില്ലയിൽ പ്രവൃത്തി പൂര്‍ത്തിയായി കമ്മീഷന് ചെയ്യാനൊരുങ്ങുമ്പോള്‍ ആശങ്കയോടെ ഇരകള്‍.
ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഇതുവരെയായി നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് പരാതി. പൈപ്പിടല്‍ നടക്കുമ്പോള്‍ മുറിച്ചു മാറ്റിയ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നുവെങ്കിലും ഭൂമിയുടേത് ഇതുവരെയായി ലഭിച്ചിട്ടില്ല.
ഭൂമി നഷ്ടപ്പെട്ട ഇരകള്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങളും ഭൂമിയുടെ വിലയും നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് താഴെക്കോട്, മുക്കം, കക്കാട് വില്ലേജുകളിലെ മുപ്പതോളം പേർ സ്പീഡ് പോസ്റ്റ് വഴി പരാതി അയച്ചിട്ട് പത്തുദിവസമായെങ്കിലും ഇതുവരെയായി മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഭൂ ഉടമകൾ പറയുന്നു.
2020 ലെ പുതുക്കിയ ഫെയര്‍ വാല്യു അനുസരിച്ചുള്ള വില നല്‍കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗെയിലിന്റെ പൈപ്പിടല്‍ പണി പൂര്‍ത്തീകരിച്ച് വാതകം നിറച്ചുവച്ചതായിട്ടാണ് കമ്പനിയിലേക്ക് വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്നും പ്രദേശവാസികൾ പറഞ്ഞു.
ഭൂവുടമകളുടെ മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് കമ്പനിയില്‍ നിന്നും കഴിഞ്ഞ ദിവസം വന്ന മെസേജും ആശങ്കയോടെയാണ് സമീപവാസികള്‍ കാണുന്നത്.
“ഗെയില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളിലെ നിയന്ത്രിത മേഖലയില്‍ അനുവാദമില്ലാതെ കുഴിക്കുന്നതും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതും കുഴല്‍ കിണര്‍ കുഴിക്കുന്നതും വലിയ മരങ്ങള്‍ നടുന്നതും നിയമ വിരുദ്ധവും പൈപ്പ് ലൈനിനു ഹാനികരവും ആണെന്നും അറിയിച്ചു കൊള്ളുന്നു’ എന്ന സന്ദേശം ഇംഗ്ലീഷിലും മലയാളത്തിലുമായി വന്നിട്ടുള്ളത്. റീജിണല്‍ ഗ്യാസ് മാനേജ്മെന്റ് സെന്റെര് കൊച്ചിയില്‍ നിന്നുമാണ് സന്ദേശം വന്നിട്ടുള്ളത്.
പദ്ധതി കമ്മീഷന് ചെയ്യുന്നതിന് മുന്നേ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് ഇരകള്‍ ആവശ്യപ്പെടുന്നത്. പൈപ്പിലൂടെ വാതകം കടന്നുപോകുമ്പോള്‍ അതിന്റെ സുരക്ഷിതത്വത്തിലും സമീപവാസികള്‍ കടുത്ത ആശങ്കയിലാണ്.
പൈപ്പ് ലൈന്‍ കടന്നുപോവുന്ന വഴികള്‍ കാടുപിടിച്ച് കിടക്കുകയാണ് പലസ്ഥലങ്ങളിലും. പത്തുവര്‍ഷമായി തുടങ്ങിയ ഗെയിലിന്റെ പണികള്‍ ഏറെ സമരകോലാഹളോടെയാണ് പൂര്‍ത്തീകരിച്ചത്.
ഏഴ് ജില്ലകളിലൂടെ 444 കിലോ മീറ്ററാണ് ലൈന്‍ കടന്നുപോവുന്നത്. കോഴിക്കോട് ചാലിയാര്‍, ഇരുവഴിഞ്ഞി, കുറ്റ്യാടി, മലപ്പുറത്ത് ഭാരതപ്പുഴ എന്നീ പുഴകള്ക്കടിയിലൂടെയാണ് പൈപ്പിട്ടത്.
സിറ്റി ഗ്യാസ് പദ്ധതിയിലൂടെ വീടുകളിലേക്ക് പാചക വാതകം വിതരണം ചെയ്യുമെന്നാണ് ഗെയിലിന്റെ പ്രചാരണം.