കണ്ണൂർ: തിങ്കളാഴ്ച രാത്രി കണ്ണൂർ സ്പെഷൽ ബ്രാഞ്ചിൽ നിന്നും ടൗൺ പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വന്നത്. ചാലാട് ഒരു വീട് ആക്രമിക്കുന്നു എന്നതായിരുന്നു ഫോൺ സന്ദേശം. ടൗൺ സ്റ്റേഷനിൽ നിന്നും ഉടൻ പോലീസ് സംഘം ചാലാടിലേക്ക് കുതിച്ചു.
പഞ്ഞിക്കൈയിലെ എ. രേണുകയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. പോലീസ് വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെ സ്പെഷൽ ബ്രാഞ്ചിന് മറ്റൊരു കോൾ വന്നു.
കൊറ്റാളി അത്താഴക്കുന്നിലെ സിപിഎം ഓഫീസിനു നേരെ അക്രമം നടക്കുന്നുവെന്നാണ് ഫോൺ സന്ദേശത്തിലുണ്ടായിരുന്നത്.സ്പെഷൽ ബ്രാഞ്ചിലേക്ക് നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് വിവരങ്ങൾ കൈമാറിയത്.
തെരഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് പോലീസിനുള്ളതുകൊണ്ട് പെട്ടെന്നു തന്നെ ചാലാട് നിന്നും പോലീസ് സംഘം അത്താഴക്കുന്നിലേക്കു പുറപ്പെട്ടു.
വഴിയിൽ വച്ച് വീണ്ടും കോളെത്തി. കൊറ്റാളിയിൽ നിർത്തിയിട്ട മൂന്ന് ബസുകൾക്കു നേരെ അക്രമം നടന്നിട്ടുണ്ടെന്നാണ് വിവരം.
ഇതറിഞ്ഞ് രണ്ട് സംഘം പോലീസ് കൊറ്റാളിയിലേക്കു കുതിച്ചു. സിപിഎം ഓഫീസിനു പുറമെ നിർത്തിയിട്ട മൂന്ന് ബസുകളും ഒരു കാറിനു നേരെയും അക്രമം നടന്നു.
കൂടാതെ, വിവിധ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉയർത്തിയ ബോർഡുകളും തകർത്ത നിലയിലാണ് പോലീസ് കണ്ടെത്തിയത്. റേഷൻ കടയിൽ സൂക്ഷിച്ച മണ്ണെണ്ണ ബാലർ റോഡിലേക്ക് തള്ളിയിട്ട നിലയിലാരുന്നു.
പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയും ഇതുവഴി വന്ന വാഹനങ്ങൾ തടഞ്ഞ് പ്രതികളെ തെരയുകുയും ചെയ്തു. ഒടുവിലാണ് പോലീസ് മനസിലായത് മാനികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവാണ് ആക്രമണം നടത്തിയതെന്ന്.
ഇതേ തുടർന്ന് സ്ഥലത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി സംസാരിച്ച് സമാധാനം ഉറപ്പുവരുത്തിയശേഷം പുലർച്ചയോടെയാണ് പോലീസ് മടങ്ങിയത്.