ഒരു കാലഘട്ടത്തിന്റെ അവസാനം. അർജന്ൈറൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വിടവാങ്ങൽ കളിയാരാധകരിൽ അവശേഷിപ്പിക്കുന്ന തോന്നൽ ഇതൊന്നു മാത്രമാണ്.
കാലുകൊണ്ടും കൈകൊണ്ടും മാത്രമല്ല മനസുകൊണ്ടും മറഡോണ ആരാധകഹൃദയങ്ങളെ കീഴ്പ്പെടുത്തിയിരുന്നു.
ബ്രസീലിയൻ ഇതിഹാസതാരം പെലേയോട് ഏറ്റവും കൂടുതൽ താരതമ്യം ചെയ്യപ്പെട്ട താരമാണ് മറഡോണ. അസാമാന്യ കഴിവുകളുടെ കലവറയായിരുന്നു അദ്ദേഹം.
1960 ഒക്ടോബർ 30ന് അർജന്റീനയിലെ വിയ്യ ഫിയോറിറ്റയിൽ ജനിച്ച മറഡോണയുടെ തിളക്കമാർന്ന ഫിഫ ലോകകപ്പ് കരിയർ 12 വർഷം നീണ്ടുനിന്നു.
മറഡോണയുടെ നീക്കങ്ങൾ മാത്രമല്ല, സാന്നിധ്യം പോലും ടീമിന് നൽകിയ ഉൗർജം വലുതായിരുന്നു. 1986ൽ ടീമിനെ ഏറെക്കുറെ ഒറ്റയ്ക്കു കിരീടത്തിലേക്കു കൈപിടിക്കാൻ അദ്ദേഹത്തിനു സാധിച്ചു.
അസാമാന്യവേഗവും ഡ്രിബ്ളിംഗ് പാടവവും കൈമുതലായുള്ള മറഡോണയ്ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ പ്രത്യേക പാടവമായിരുന്നു.
ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന മറഡോണയുടെ രണ്ടു ഗോളുകൾ പിറന്നത് 1986 ലോകകപ്പിലായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിവാദ “ദൈവത്തിന്റെ കൈ’ ഗോളും മിനിറ്റുകൾക്കകം, 55-ാം മിനിറ്റിൽ ലോകം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മനോഹരമായ ഗോളും മറഡോണയിൽനിന്നു പിറന്നു.
എതിരാളികളെ ഒറ്റയ്ക്കു ഛിന്നഭിന്നമാക്കുന്ന മുന്നേറ്റങ്ങൾക്കു ചുക്കാൻ പിടിക്കാനുള്ള അപാര കഴിവ് അദ്ദേഹം പലതവണ ലോകത്തിനു കാട്ടിക്കൊടുത്തു.
ഇടയ്ക്കു മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടു മറഡോണയുടെ പേരു വാർത്തകളിൽ നിഞ്ഞെങ്കിലും ഫുട്ബോൾ ആരാധകരുടെ മനസിലെ ഡീഗോ മറഡോണയെന്ന സ്ഥാനത്തിന് ഇളക്കമുണ്ടാകില്ല.