കോട്ടയം: കോവിഡും മുന്നണിസഖ്യമാറ്റവും ഒന്നുചേർന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുപിടിത്തം വ്യക്തിപരം. ഒരിടത്തും ആരും കലുഷിതമായ രാഷ്ട്രീയം സംസാരിക്കുന്നില്ല.
കോവിഡ് സുരക്ഷ മുൻനിർത്തി സ്ഥാനാർഥികൾ വീടുകളിൽ കയറാതെ വാതിൽക്കൽ നിന്നു വോട്ടുതേടി പ്രസ്താവന നൽകുന്നു. പരമാവധി ഒരു വീട്ടുമുറ്റത്ത് രണ്ടു മിനിറ്റു വീതം ചെലവഴിച്ച് സ്ഥാനാർഥികൾ മടങ്ങുന്നു.
അനുഗ്രഹം തേടലും കൈകുലുക്കിയുള്ള സ്നേഹാഭിവാദ്യവുമൊക്കെ ഒഴിവാക്കി കരം കൂപ്പിയുള്ള അഭ്യർഥന മാത്രം.ഫോണിൽ വിളിച്ചും വാട്ട്സ് ആപ് മെസേജുകൾ അയച്ചും തദ്ദേശ തെരഞ്ഞെടുപ്പിനും കൈവന്നു പുതിയശൈലി.
വീടുകൾ കേന്ദ്രീകരിച്ചുള്ള ചെറിയ സമ്മേളനങ്ങൾക്കുപോലും വോട്ടർമാർക്കു താത്പര്യമില്ല. യോഗം വിളിച്ചാൽ ഒത്തുകൂടി സംസാരിക്കാൻ ആരെയും കിട്ടാനുമില്ല.
സ്ഥാനാർഥിയും പരിമിതമായ എണ്ണം പ്രവർത്തകരും മാത്രമാണു പ്രചാരണത്തിലുള്ളത്. മുൻപൊക്കെ പ്രചാരണവേളയിൽ കാലോചിതമായ രാഷ്ട്രീയ വിശകലനവും വിമർശനവും പതിവായിരുന്നു.
മുൻകാല വൈരികൾ ഇരുമുന്നണിയിലും സഖ്യം മാറി പരീക്ഷിക്കുന്ന തെരഞ്ഞെടുപ്പാണിത്. അതിനാൽ ഒരേ പാർട്ടിയിലെ പ്രവർത്തകർ തമ്മിലും പ്രചാരണവേളയിൽ രാഷ്ട്രീയ വർത്തമാനങ്ങൾ കുറവാണ്.
ഓരോ വീടും ഓരോ വോട്ടും പ്രധാനം എന്നതിനാൽ വ്യക്തികളിൽ കേന്ദ്രീകരിച്ച പ്രചാരണമാണു മുന്നേറുന്നത്. പകൽ വീടുകയറ്റവും രാത്രി പോസ്റ്റർ പതിക്കലുമായി പ്രചാരണത്തിനു ചൂടേറുകയാണ്.
ചൂടേറിയ സംഭവവികാസങ്ങൾ ചാനൽ ചർച്ചയിലൂടെ ആസ്വദിക്കുന്നവർപോലും ഇലക്ഷൻ പ്രവർത്തകരോട് രാഷ്ട്രീയം പറയാൻ താത്പര്യപ്പെടുന്നില്ല.
ഗ്രാമപഞ്ചായത്ത് ഗ്രാമീണ മേഖലയിൽ ഓരോ വാർഡിലും ശരാശരി 300 വീടുകളും 1200 വോട്ടർമാരുമാണുള്ളത്. ഒരു തവണ വീടുകയറ്റം സ്ഥാനാർഥികൾ പൂർത്തിയാക്കി.
ഉപരിപഠനത്തിനും ജോലിക്കുമായി ഇതര നാടുകളിൽ പോയവരെ എങ്ങനെയും തിരികെ എത്തിക്കാനുള്ള താത്പര്യമാണ് സ്ഥാനാർഥികൾ നടത്തിവരുന്നത്. ഇലക്ഷൻ ഡ്യൂട്ടിയിലുള്ളവരുടെ പോസ്റ്റൽ വോട്ടുകൾ അനുകൂലമാക്കാനും സ്ഥാനാർഥികൾ ശ്രമിക്കുന്നു.