മാഹി: കഴിഞ്ഞ ഞായറാഴ്ച മോഷണം പോയ ന്യൂമാഹിയിലെ വീട്ടമ്മയുടെ നാലര പവൻ തൂക്കമുള്ള സ്വർണമാല തിരിച്ചുകിട്ടി. മോഷ്ടിച്ചയാൾ തന്നെ ചൊവ്വാഴ്ച രാവിലെ ഇതേ വീട്ടിലെ വരാന്തയിൽ വയ്ക്കുകയായിരുന്നെന്ന് ന്യൂ മാഹി എസ്.ഐ. മഹേഷ് കെ.നായർ പറഞ്ഞു.
സ്വർണമാലയോടൊപ്പം മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നെങ്കിലും ഇത് തിരിച്ചു കിട്ടിയില്ല . ന്യൂ മാഹി എടന്നുർ ശ്രീനാരായണ മഠത്തിന് സമീപത്തെ ആത്മേയത്തിൽ ഷിബിനയുടെ താലിമാലയാണ് കവർച്ച ചെയ്യപ്പെട്ടത്.
ഞായറാഴ്ച രാവിലെ ആറിന് ഇവർ വീടിന്റെ ഉമ്മറത്തെ വാതിൽ ലോക്ക് ചെയ്യാതെ ചാരിവച്ച് പ്രഭാതസവാരിക്ക് പോയ സമയത്താണ് മാല കവർന്നത്.തിരിച്ചു വന്നപ്പോഴാണ് മാല നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്.
ന്യൂ മാഹി പോലീസിൽ പരാതി നൽകിയതനുസരിച്ച് എസ്.ഐ, മഹേഷ് കെ.നായർ, എസ്.എച്ച്.ഒ അരുൺ ദാസ് എന്നിവർ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും എത്തിയിരുന്നു.