തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ മറന്നുവച്ച പഞ്ഞിക്കെട്ട് വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു.
തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ ചികിത്സയിലിരുന്ന വലിയതുറ സ്വദേശിയായ യുവതിക്കാണ് ദാരുണാനുഭവം ഉണ്ടായത്.
വയറിനുള്ളിൽ പഞ്ഞിക്കെട്ടുവച്ച് തുന്നിക്കെട്ടിയതിനെ തുടർന്ന് യുവതിയുടെ ആന്തരികാവയവങ്ങളിൽ അണുബാധയേറ്റു.
പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ എസ്എടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി പഞ്ഞിക്കെട്ട് പുറത്തെടുത്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാരണം നടക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് ഇപ്പോൾ.
വലിയതുറ സ്വദേശി 22 വയസുള്ള അല്‍ഫിന അലി രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെത്തിയത്.
സിസേറിയൻ നടത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ശസ്ത്രക്രിയക്കു ശേഷം ആശുപത്രിവിട്ട അൽഫീനയ്ക്കു എഴുന്നേറ്റിരിക്കാൻ പോലുമാകാത്ത അവസ്ഥയായി.
തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് വയറിനുള്ളില്‍ പഞ്ഞിക്കെട്ട് കണ്ടത്.
അണുബാധമൂലം പഴുപ്പും നീരുംകെട്ടി. വേദന അസഹനീയമായി. എസ്എടി ആശുപത്രിലെത്തിച്ചപ്പോൾ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചു. ആദ്യം കീ ഹോൾ ശത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല.
ഇതോടെ വയറുകീറി പഞ്ഞി പുറത്തെടുത്തു. തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവ് വ്യക്തമായതോടെ ആശുപത്രിയിലെത്തി ഇക്കാര്യങ്ങള്‍ അറിയിച്ചെങ്കിലും തെളിവുമായി വരാനായിരുന്നു ആശുപത്രി അധികൃതരുടെ വെല്ലുവിളി.
സംഭവത്തിൽ അൽഫിന മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.