നവാസ് മേത്തര്‍
തലശേരി: മാറഡോണയുടെ ദുബായ് ജുമൈറയിലെ വില്ലയില്‍ സ്ഥിരം സന്ദര്‍ശകനായ ഒരു മലയാളി സുഹൃത്തുണ്ട്. അതു മറ്റാരുമല്ല, കോഴിക്കോട് സ്വദേശിയായ ഹിഷാം ഹസന്.
ദുബായ് കിരീടാവകാശി മാറഡോണയ്ക്ക് സമ്മാനമായി നല്കിയ വില്ലയില്‍ അനുമതിയില്ലാതെ കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യമാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഇന്റർനാഷണല്‍ ഡിപ്പാര്‍ട്ട്മെന്റ് തലവനായ ഹിഷാം ഹസനുള്ളത്.
ദുബായിലെ ഫുട്ബോള്‍ കോച്ചായ അറബി വഴിയാണ് ഹിഷാം മാറഡോണയെ പരിചയപ്പെടുന്നത്. പിന്നീട് ദുബായ് കറാമയിലെ ചെമ്മണൂര്‍ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് മാറഡോണയെ എത്തിച്ചത് ഹിഷാമായിരുന്നു. കണ്ണൂരില്‍ മാറഡോണ എത്തുന്നതും ഹിഷാം വഴിയായിരുന്നു.
ദുബായില്‍നിന്ന് മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മാറഡോണയ്ക്കൊപ്പം നടത്തിയ യാത്രകള്‍ ഹിഷാമിന് ഇന്നും മധുരിക്കുന്ന ഓര്‍മകളാണ്.
രണ്ടുവര്‍ഷം മുമ്പ് ദുബായിലെ വില്ലയില്‍ നടന്ന മാറഡോണയുടെ ജന്മദിനാഘോഷത്തില് വച്ചാണ് ഒടുവില്‍ മാറഡോണയെ കണ്ടതെന്ന് ഹിഷാം പറഞ്ഞു. മാറഡോണയ്ക്ക് സ്പാനിഷ് ഭാഷ മാത്രമാണ് അറിയുന്നത്.
തനിക്ക് അറബി അറിയാവുന്നതുകൊണ്ട് സ്പാനിഷ് അറിയാവുന്ന അറബി കോച്ച് വഴിയാണ് ആദ്യഘട്ടങ്ങളില്‍ ആശയവിനിമയം നടത്തിയിരുന്നതെന്നും നാട്ടിലേക്ക് തിരിച്ചുപോയ മാറഡോണയെക്കുറിച്ച് ഇംഗ്ലീഷ് അറിയാവുന്ന അദ്ദേഹത്തിന്റെ മകളില്നിന്നാണ് പിന്നീട് രോഗവിവരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നതെന്നും സൗഹൃദത്തിന് വലിയ മൂല്യമാണ് അദ്ദേഹം നല്‍കിയിരുന്നതെന്നും ഹിഷാം ഹസന് പറഞ്ഞു.