വിഴിഞ്ഞം: പൂവാർ സ്വദേശിയായ 16 കാരനെ കാഞ്ഞിരംകുളം പോലീസ് മർദിച്ച് അവശനാക്കിയതായി പരാതി. പൂവാർ ചന്തവിളാകം വീട്ടിൽ സെബാസ്റ്റ്യൻ എസ്.ലിജിനാണ് മർദനമേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ചപ്പാത്ത് പാലത്തിനു സമീപം കാഞ്ഞിരംകുളം പോലീസിന്റെ വാഹന പരിശോധന നടക്കുന്നതിനിടയിൽ സഹോദരീ ഭർത്താവായ പ്രബീഷിനൊപ്പം ബൈക്കിലെത്തിയതായിരുന്ന ലിജിൻ.
ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്ന പേരിൽ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് രണ്ടു മണിക്കൂറോളം സ്റ്റേഷനിൽ പിടിച്ചിരുത്തിയിരുന്നതായി ഇവർ പറയുന്നു. കൂടാതെ രണ്ട് ജാമ്യക്കാരെ കൊണ്ടുവരാനും പറഞ്ഞു.
വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ജാമ്യക്കാർ മത്സ്യത്തൊഴിലാളികളായ തങ്ങൾക്ക് കടലിൽ മത്സ്യബന്ധനത്തിന് പോകാനുള്ളതിനാൽ നടപടികൾ കഴിവതും വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടതോടെ പോലീസ് പ്രകോപിതരായാതാവുകയും നിയമം ഞങ്ങളെ പഠിപ്പിക്കണ്ട എന്ന് ആക്രോശിച്ച് കൊണ്ട് ലിജിനെയും പ്രബീഷിനേയും പോലീസ് ലാത്തികൊണ്ട് മർദിക്കുകയും അടി കൊണ്ട് നിലത്തു വീണ ലിജിനെ ഷൂസിട്ട് ചവിട്ടുകയുമായിരുന്നുവത്രെ.
ഇതിനിടയിലേക്ക് വന്ന പ്രബീഷിനേയും മർദിച്ച പോലീസ് ജാമ്യത്തിലിറക്കാൻ വന്ന രണ്ടു പേരെയും വിരട്ടിയോടിച്ചതായും പറയുന്നു.
ലിജിൻ അവശനിലയിലായതിനെ തുടർന്ന് വൈകുന്നേരം 5.30 ഓടെ ഇവരുടെ പക്കൽ നിന്ന് 1000 രുപ വാങ്ങിയ ശേഷം 5000 രൂപ കോടതിയിൽ അടയ്ക്കണമെന്ന് നിർദേശിച്ച് ജാമ്യക്കാരെ വരുത്തി വിട്ടയച്ചു.
ലിജിന്റെ മൊബൈൽഫോൺ, പ്രബീഷിന്റെ ബൈക്ക് എന്നിവ സ്റ്റേഷനിൽ വാങ്ങി വച്ചു, അവശനിലയിലായ ലിജിൻ പൂവാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സതേടി.
ലിജിനെ അകാരണമായി മർദിച്ചതിനെതിരെ ഡിജിപിക്കും, ബാലാവകാശ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, എന്നിവർക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
എന്നാൽ ലൈസൻസില്ലാതെ വാഹന ഓടിച്ചതിനുള്ള കേസ് മാത്രമാണ് എടുത്തതെന്നും പ്രായപൂർത്തിയാകാത്തതിനാൽ ലിജിനെതിരെ കേസെടുത്തിട്ടില്ലന്നും മർദിച്ചുവെന്നത് കെട്ടുകഥയാണെന്നും കാഞ്ഞിരംകുളം പോലീസ് പറഞ്ഞു.