ബുവാനോസ് ആരീസ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയ്ക്ക് വിടനൽകി അർജന്റീന. മറഡോണയുടെ സംസ്കാരം അർജന്റീനയുടെ തലസ്ഥാനമായ ബുവാനോസ് ആരീസിൽ നടന്നു.
പ്രാദേശിക സമയം വൈകുന്നേരം നാലിന് നടന്ന സംസ്കാര ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ രണ്ട് ഡസനോളം പേര് മാത്രമാണ് പങ്കെടുത്തത്.
അര്‍ജന്റീനയുടെ ദേശീയ പതാകയില്‍ പൊതിഞ്ഞ ശവമഞ്ചത്തില്‍ മറഡോണയുടെ പത്താം നമ്പര്‍ ജഴ്സിയും പുതപ്പിച്ചിരുന്നു. കാസാ റൊസാഡയിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് മൃതദേഹം പുറത്തേക്കെടുത്തപ്പോള്‍ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.
പലയിടത്തും തിരക്ക് നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ട പൊലീസിന് കണ്ണീര് വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിക്കേണ്ടിവന്നു.
1986ൽ ലോകകപ്പ് ജയിച്ച അർജന്റീന ടീമിൽ മാറഡോണയ്ക്കൊപ്പം കളിച്ചിരുന്ന സഹതാരങ്ങളായിരുന്നവരും താരത്തിനായി അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
അർജന്റീനയുടെ ദേശീയഗാനവും ഫുട്ബോളിന്റെ പാട്ടുകൾ പാടിയുമാണ് അവർ ഫുട്ബോൾ ഇതിഹാസത്തിന് വിട നൽകിയത്.
ബുധനാഴ്ച ടിഗ്രെയിലെ സ്വവസതിയില്‍ പ്രാദേശിക സമയം രാവിലെ 11.30-ഓടെയായിരുന്നു ഫുട്ബോള്‍ ഇതിഹാസത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
മാറഡോണയുടെ മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫിയെടുത്ത ശ്മശാന ജീവനക്കാര്‍ക്ക് മുട്ടന്‍പണി
ബുവാനോസ് ആരിസ്: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം മാറഡോണയുട മൃതദേഹത്തിന് സമീപം നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫി പകര്‍ത്തിയ മൂന്ന് ശ്മശാനം ജീവനക്കാര്‍ക്കെതിരെ നടപടി.
മൂന്നു പേരെയും ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി ശ്മശാനം മാനേജര്‍ അറിയിച്ചു.
പ്രസിഡന്‍ഷ്യല്‍ പാലസിലേക്ക് മൃതദേഹം എത്തിക്കുന്നതിന് മുന്‍പായാണ് ഇവര്‍ മൃതദേഹത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുത്തത്. കൂടാതെ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ശ്മശാനം ജീവനക്കാരുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. മാറഡോണയുടെ അഭിഭാഷകനും പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി.
ശ്മശാന ജീവനക്കാര്‍ക്കെതിരെ ഇദ്ദേഹം നടപടിക്കൊരുങ്ങുകയാണെന്നാണ് സൂചന.