കാട്ടാക്കട: പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ പോലീസ് അധിക്ഷേപിച്ച സംഭവത്തിൽ ഡിഐജി ഇന്ന് പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും.
സംഭവം വിവാദമായതിനെത്തുടർന്ന് നെയ്യാർ ഡാം ഗ്രേഡ് എഎസ്ഐ ഗോപകുമാറിനെ ഡിജിപി ഇടപെട്ട് സ്ഥലം മാറ്റിയിരുന്നു. ര
ണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം റൂറൽ റേഞ്ച് ഡിഐജിയെ ചുമതലപ്പെടുത്തിയിരുന്നു.
നെയ്യാർഡാം സ്റ്റേഷനിലാണ് സംഭവം. കള്ളിക്കാട് സ്വദേശി സുദേവനോടാണ് പോലീസ് മോശമായി പെരുമാറിയത്.
അധിക്ഷേപ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ ഡിജിപി ഇടപെട്ട് ഗ്രേഡ് എഎസ്ഐ ഗോപകുമാറിനെ സ്ഥലം മാറ്റുകയായിരുന്നു.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ സുദേവനോടാണ് നെയ്യാർ ഡാം പോലീസിന്റെ അധിക്ഷേപം.
ഞായറാഴ്ചയാണ് സുദേവൻ ആദ്യം പരാതി നൽകിയത്. അന്ന് പോലീസ് വിവരങ്ങൾ തേടി. എന്നാൽ കേസിൽ തുടർനടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവൻ സ്റ്റേഷനിലെത്തിയത്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ഗ്രേഡ് എഎസ്ഐ ഗോപകുമാർ സുദേവനോട് തട്ടിക്കയറി. താൻ മദ്യലഹരിയിലാണെന്ന് പറഞ്ഞാണ് പോലീസ് അധിക്ഷേപിച്ചതെന്നു സുദേവൻ പറയുന്നു.
എഎസ്ഐയെ കുറിച്ച് മുൻപും നിരവധി പരാതികൾ ഉയർന്നിരുന്നു. തന്നെ അധിക്ഷേപിച്ച എഎസ്ഐക്ക് എതിരെ പരാതി നൽകുമെന്ന് സുദേവൻ അറിയിച്ചു. ഇതോടൊപ്പം വനിതാകമ്മീഷനിൽ പരാതി നൽകാൻ മകളും തയാറായിട്ടുണ്ട്.
ഗോപകുമാറിനെതിരെ നിരവധി പരാതികളാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് മുൻപും കിട്ടിയിരിക്കുന്നത്. അതിനാൽ തന്നെ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
കെഎപി അഞ്ചാം ബറ്റാലിയനിലേക്കാണ് ഗോപകുമാറിന് മാറ്റം. കുട്ടിക്കാനത്തെ കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റിന്റെ മുമ്പാകെ ഹാജരാകാനാണ് നിർദേശം.