നവാസ് മേത്തർ
തലശേരി: പാലത്തായിയിൽ വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽ പീഡിപ്പിച്ച കേസിൽ ഇന്ന് നിർണായക ദിനം. പീഡനം നടന്ന വിദ്യാലയത്തിൽ സയന്റിഫിക് സംഘം തെളിവെടുപ്പ് തുടങ്ങി.
സയന്റിഫിക് അസിസ്റ്റന്റ്, ഫോട്ടോഗ്രാഫർ , വീഡിയോഗ്രാഫർ, ക്ലിനിക്കൽ സൈക്കാളജിസ്റ്റ് എന്നിവരുൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദ സംഘമാണ് സ്കൂളിലും പരിസര പ്രദേശങ്ങളിലും ശാസ്ത്രീയമായ തെളിവെടുപ്പുകൾ ആരംഭിച്ചത്.
തിരുത്ത് നിർണായകം
പീഡനം നടന്ന ശുചി മുറിയിലേക്ക് തൊട്ടടുത്ത ക്ലാസ് മുറിയിൽ നിന്നും നോട്ടമെത്തുമെന്നും ശുചിമുറിയിൽ പീഡനം നടന്നാൽ അത് എല്ലാവരും കാണുമെന്നുമുള്ള മുൻ അന്വേഷണ സംഘങ്ങളുടെ നിഗമനങ്ങളിൽ ദുരൂഹതയുള്ളതായാണ് എഡിജിപി ജയരാജന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
പീഡനം നടന്ന സ്ഥലം പ്രത്യേക ശ്രദ്ധയോടെ നോക്കിയാൽ മാത്രമേ കാണൂ എന്നാണ് പരിശോധന നടത്തിയ പുതിയ വിദഗ്ദ സംഘത്തിന്റെ വിലയിരുത്തൽ.
ഈ കേസിന്റെ അന്വേഷണത്തിൽ മുൻ ഉദ്യോഗസ്ഥർ ഏറ്റവും നിർണായകമായ പറഞ്ഞിരുന്ന സംഭവ സ്ഥലം സംബന്ധിച്ച വിലയിരുത്തലാണ് പുതിയ അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിലൂടെ തിരുത്തപ്പെടുന്നത്. ഇത് കേസിൽ ഏറെ നിർണായകമായിമാറും.
അട്ടിമറി ശ്രമം
കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ആസൂത്രിത നീക്കം നടന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നു. എഡിജിപി ജയരാജിന്റെ മേൽനോട്ടത്തിൽ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് സിഐ വിനു മോഹൻ , മട്ടന്നൂർ സിഐ എം. കൃഷ്ണൻ.
തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിലെ എസ്ഐ എൻ.കെ ഗിരീഷ്, സീനിയർ സിപിഒ മാരായ ശരണ്യ, ലതിക എന്നിവരാണ് പുതിയ അന്വേഷണ സംഘത്തിലുള്ളത്.
കേസ് അന്വേഷിച്ച പാനൂർ സിഐ മുതൽ ക്രൈംബ്രാഞ്ച് ഐജിവരെയുളളവർ വിവാദത്തിലകപ്പെട്ട ഈ കേസിന്റെ ഇനിയുള്ള നാൾ വഴികളും ഏറെ ശ്രദ്ധിക്കപ്പെടുമെന്നതിനാൽ ജാഗ്രതയോടെയാണ് പുതിയ സംഘവും മുന്നോട്ട് നീങ്ങുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അധ്യാപകനും പ്രാദേശിക ബി ജെ പി നേതാവുമായ കുനിയിൽ പത്മരാജൻ സ്കൂളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.