ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറഞ്ഞ സിനിമയായിരുന്നു മുന്തിരിവള്ളികൾ തളിർക്കുന്പോൾ.
ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ചില വിശേഷങ്ങൾ രചന നിർവഹിച്ച എം.സിന്ധുരാജ് പങ്കുവച്ചിരുന്നു.
2011 ൽ പ്രമുഖ മാസികയിൽ വന്ന വി.ജെ. ജയിംസിന്റെ കഥയാണ് പ്രണയോപനിഷത്ത്. ഭർത്താവും ഭാര്യയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണത്.
ഭാര്യയും ഭർത്താവും മാത്രമുള്ള, അവരുടെ മനോവിചാരങ്ങളുടെ, അവരുടെ ആത്മബന്ധത്തിന്റെ കഥയാണ് പ്രണയോപനിഷത്ത്.
പക്ഷേ, ചെറുകഥയുടെ ടെക്സ്റ്റിൽ നിന്നുകൊണ്ട് ഒരിക്കലും ഒരു സിനിമ ചെയ്യാൻ പറ്റില്ല. എന്നാൽ മനോഹരമായ ആ കഥയ്ക്കുള്ളിലെ ഒരാശയത്തിൽ ഒരു സിനിമയുണ്ടെന്നു തോന്നിയപ്പോൾ എന്റെ സുഹൃത്തുകൂടിയായ ജയിംസേട്ടനെ വിളിച്ചു.
ഈ കഥയിൽ ഒരു സിനിമ കാണുന്നുണ്ടെന്നും ഞാൻ അതു ചെയ്യുമെന്നും പറഞ്ഞു.
അങ്ങനെ പ്രണയോപനിഷത്തിലെ ആനിയമ്മയെയും ഉലഹന്നാനെയും എടുത്ത് അവരെ പുതിയ ഒരു സ്ഥലത്തേക്കു കൊണ്ടുപോയി. അവർക്കു പുതിയ ജോലിയും ജീവിതസാഹചര്യവുമുണ്ടാക്കി.
പുതിയ ചുറ്റുപാടുകളുണ്ടാക്കി, അവരിൽ ഒരു പുതിയ കഥയുണ്ടായി. പ്രണയോപനിഷത്തിലെ പ്രധാനപ്പെട്ട ഒരാശയത്തിൽ ഞാനൊരു സിനിമ കണ്ടെത്തുകയായിരുന്നു.
ആ ആശയം വച്ച് സിനിമയ്ക്കുവേണ്ടി പുതിയൊരു കഥയുണ്ടാക്കി. അങ്ങനെയാണ് പ്രണയോപനിഷത്ത് എന്ന കഥയിൽ നിന്നു ‘മുന്തിരി വള്ളികൾ തളിർക്കുമ്പോൾ’ എന്ന സിനിമയിലെത്തുന്നത്.
ഉലഹന്നാന്റെയും ആനിയമ്മയുടെയും പ്രണയം തന്നെയാണ് സിനിമ. പക്ഷേ, പുതിയ ഒരു കഥയിലൂടെയാണ് അതു പറയുന്നതെന്നു മാത്രം.
ജീവിതം ഡ്രൈ ആയിപ്പോയ ഒരാൾ അയാളുടെ ജീവിതം പ്രണയസുരഭിലമായ ഒരു ജീവിതാവസ്ഥയിലേക്കു കൊണ്ടുവന്ന് ജീവിതം തിരിച്ചുപിടിക്കുന്നതാണ് ഈ സിനിമ-സിന്ധുരാജ് പറയുന്നു.
-പി.ജി