കോതമംഗലം: കോവിഡ് ലോക്ക്ഡൗണിന് ശേഷം ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിൽ വീണ്ടും സന്ദർശകർ എത്തി തുടങ്ങിയെങ്കിലും പരിസര ശുചീകരണത്തിനോ പാതയോരത്തെ കാട് വെട്ടുന്നതിനോ അധിക്യതർ തയാറായിട്ടില്ല.
ശനി, ഞായർ ഉൾപ്പെടെ പൊതു അവധി ദിവസങ്ങളിൽ പ്രാദേശിക ടൂറിസ്റ്റുകൾ ഉൾപ്പെടെ ഇവിടേക്കെത്തുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടങ്ങിയ കുടുബങ്ങളായാണ് ഏറെപേരും എത്തുന്നത്.
ഡാമിനും പുതിയ പാലത്തിനും സമീപത്താണ് ആളുകൾ കൂടുതലായി സമയം ചെലവഴിക്കുന്നത്. എന്നാൽ ഈ ഭാഗത്ത് തീർത്തും മോശമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
എവിടെ നോക്കിയാലും മാലിന്യങ്ങൾ ചിതറിക്കിടക്കുന്നുണ്ട്. പ്ലാസ്റ്റിക് കുപ്പികളുൾപ്പടെ ധാരാളം മദ്യകുപ്പികൾവരെ ഇക്കൂട്ടത്തിലൂണ്ട്. സന്ദർശകർക്കായുള്ള ഗ്യാലറിയുടെ അവസ്ഥയും മോശമാണ്.
പുഴയുടെ തീരത്തെ മണൽപ്പരപ്പിലും സന്ദർശകർ സമയം ചെലവഴിക്കുന്നുണ്ട്. ഇവിടേക്ക് ഇറങ്ങാൻ ഏറെ പ്രയാസമാണ്. വെള്ളക്കെട്ടുമുണ്ട്.പലഭാഗങ്ങളും കാട്മൂടിയ നിലയിലാണ്.
നടപ്പാതകളിലേക്കും പ്രധാന റോഡുകളിലേക്കും കാട് വളർന്നു കിടക്കുകയാണ്. കുറ്റിക്കാടുകളിൽ ഇഴജന്തുക്കൾവരെയുണ്ടാകാം.
പെരിയാർവാലിയുടെ അധീനതയിലുള്ളതാണ് ടൂറിസ്റ്റ് കേന്ദ്രത്തിലെ ഏറിയഭാഗവും.ശുചീകരണവും കാടുവെട്ടലുമെല്ലാം നടത്താൻ പെരിയാർവാലി അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ദൂരെ സ്ഥലങ്ങളിൽ നിന്നുമെത്തുന്ന സഞ്ചാരികളിൽ ഭൂതത്താൻകെട്ടിന്റെ ശുചിത്വത്തേക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കാൻ ഇപ്പോഴ്ത്തെ സാഹചര്യം കാരണമാകും.
ബോട്ടിങ്ങ് ഉൾപ്പെടെ പുനരാരംഭിക്കുന്പോഴും പരിസര ശുചീകരണം ഉണ്ടായില്ലെങ്കിൽ സഞ്ചാരികൾ ഇവിടേക്കെത്താതാകും.