വാഴക്കുളം: വോട്ടർമാരുടെ ഉള്ളറിയാനാകാതെ സ്ഥാനാർഥികൾ കുഴങ്ങുന്നു. ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പ് കൈയെത്തും ദൂരത്തെത്തിയെങ്കിലും വോട്ടർമാരുടെ മനസറിയാൻ കഴിയാതെ സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും ഒരുപോലെ ത്രിശങ്കുവിലായിരിക്കുകയാണ്.
കൊറോണ രോഗത്തിന്റെ മാനദണ്ഡപ്രകാരം വോട്ടുപിടിത്തവും പ്രകടനവും അടിക്കടിയുള്ള കോർണർ യോഗങ്ങളും ആളെകൂട്ടിയുള്ള ഓളം വയ്ക്കലുമൊക്കെ പേരിനു മാത്രമായി ചുരുങ്ങിയിരിക്കുന്നു.
പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വാർത്തകൾ നിറയുന്നുണ്ടെങ്കിലും നേരിട്ട് ജനഹിതമറിയാൻ ആർക്കും കഴിയുന്നില്ല.
പൊതു സ്ഥലങ്ങളിലോ വ്യാപാര കേന്ദ്രങ്ങളിലോ നാട്ടുന്പുറങ്ങളിലെ വാർത്താവിനിമയ കേന്ദ്രങ്ങളായ ചായക്കടകളിൽ പോലും കോവിഡ് മാനദണ്ഡപ്രകാരം ആൾക്കൂട്ടമോ ചർച്ചകൾക്കുള്ള വേദിയോ ഒരുങ്ങാത്തതാണ് കാരണം.
അടിയന്തരാവശ്യങ്ങൾ നിറവേറ്റി ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് സ്വയമേ ഉൾവലിയാനുള്ള അവബോധത്തിലെത്തിയിട്ടുമുണ്ട്. കൊറോണ തകർത്ത സാന്പത്തിക മേഖലയിൽ പിടിച്ചു കയറാനുള്ള തത്രപ്പാടിൽ മറ്റൊരു ചർച്ചാ വേദിക്കും ആർക്കും സമയമില്ലാത്തതുമാകാം.
വോട്ടഭ്യർത്ഥിച്ചു വരുന്പോൾ സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും വോട്ടർമാരും സ്ഥാനാർഥികളും ഇടപെടുന്നതിനാൽ പരസ്പരമുള്ള ചിരി കാണാനോ മുഖഭാവം അറിയാനോ ആർക്കും കഴിയുന്നില്ല.
നിർജീവമായ പ്രതികരണങ്ങളിലൂടെ പൾസ് വെളിപ്പെടുത്താതെ ഇരു വിഭാഗവും പിന്തിരിയുന്നു. എല്ലാ പാർട്ടികളും സ്ഥാനാർഥികളും ഇതേ പ്രശ്നം അഭിമുഖീകരിക്കുകയാണ്.
വിതരണം ചെയ്യപ്പെടുന്ന നോട്ടീസുകളും ലഘുലേഖകളും പോലും സ്നേഹപൂർവം നിരസിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ആണ്.
ഫ്ളക്സ് ബോർഡുകളും പോസ്റ്ററുകളും വഴിയോരങ്ങളിൽ നിരന്നിട്ടുണ്ടെങ്കിലും ആരും അത്ര ഗൗരവത്തോടെ ഒന്നും പരിഗണിക്കുന്നതുമില്ല. നിർവികാരമായ നിശബ്ദമായ ഒരു തെരഞ്ഞെടുപ്പു പോരാട്ടമാണ് നിലവിൽ നടക്കുന്നത്.