കോട്ടയം: ഏറ്റുമാനൂർ പേരൂർ – സംക്രാന്തി റോഡിൽ കുത്തിയതോട് പാലത്തിൽ അപകടകരമായ വിധത്തിൽ കുഴി രൂപപ്പെട്ടിരിക്കുന്നു.
പാലത്തിനും അപ്രോച്ച് റോഡിനും ഇടയിലാണ് വൻകുഴി രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ അപകടങ്ങൾ പതിവായതോടെ നാട്ടുകാർ കുഴിയിൽ മണ്ണിട്ടു മൂടിവരികയായിരുന്നു.
കഴിഞ്ഞ മഴയത്ത് മണ്ണ് കുത്തിയൊഴുകി പോയതോടെ കുഴി വീണ്ടും തെളിഞ്ഞു. പാലത്തിൽ കയറുന്ന വാഹനങ്ങൾ കുഴിയിൽ ചാടാതിരിക്കാൻ ബ്രേക്ക് പിടിക്കുകയോ വെട്ടിക്കുകയോ ചെയ്യുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
ഇന്നലെ വൈകുന്നേരം നാലിനു ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ടു വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്.
മുന്നിലുണ്ടായിരുന്ന സ്കോഡയുടെ ടെസ്റ്റ് ഡ്രൈവ് കാറ് ഇടുങ്ങിയ കലുങ്കിന് സമീപമുള്ള കുഴി കണ്ട് പെട്ടെന്ന് വേഗത കുറച്ചപ്പോൾ പിന്നാലെ എത്തിയ കാറ് ഇടിക്കാതിരിക്കാൻ വെട്ടിക്കുകയായിരുന്നു.
ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാറ് മുന്നിൽപോയ കാറിൽ ഇടിച്ചശേഷം പത്തടിയോളം താഴ്ചയിലേക്കു മറിഞ്ഞു.
അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ കോട്ടയം മണർകാട് കുന്നുംപുറത്തു വടക്കേതിൽ ബിനി (55), മകൻ വിഷ്ണു (30), വിഷ്ണുവിന്റെ ഭാര്യാമാതാവ് സുധ (57) എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഇടിയുടെ ആഘാതത്തിൽ താഴെ റബർ തോട്ടത്തിലേക്ക് മറിഞ്ഞ കാർ റബർ മരങ്ങളിൽ തടഞ്ഞ് ചരിഞ്ഞു കിടക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ എത്തിച്ചത്.