കണ്ണൂർ: വോട്ടർമാർക്കായി തയാറാക്കിയ “സ്പെഷൽ ചിരി’ മാസ്കിനാൽ മറച്ചിരിക്കുന്നു. വോട്ട് അഭ്യർഥിച്ച് വീടുകളിൽ എത്തുന്ന സ്ഥാനാർഥികൾ മൂന്നു മീറ്റർ മാറിനിന്ന് വോട്ട് ചോദിക്കുന്നു..
കൈയിൽ വാട്ടർ ബോട്ടിലും ബാഗിൽ പൊതിച്ചോറുമായി വീടുകൾ തോറും കയറിയിറങ്ങുന്ന സ്ഥാനാർഥികൾ…കവലയോഗങ്ങളില്ല, അനൗൺസ്മെന്റുകളില്ല, അണികളുടെ ആരവങ്ങളില്ല..
കോവിഡ് കാലത്തിലെ തെരഞ്ഞെടുപ്പിലെ പ്രചാരണരീതികൾ ഇങ്ങനെയൊക്കെയാണ്…വർഷങ്ങളായി മത്സരിച്ചവർ ഇത്തവണത്തെ തങ്ങളുടെ പ്രചാരണ അനുഭവങ്ങൾപങ്കുവയ്ക്കുന്നു..
തൊഴുകൈയുമായി വോട്ട് ചോദിക്കൽ
കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം സമ്മാനിച്ചത് പുതിയ അനുഭവമാണെന്ന് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയായ പി.പി.ദിവ്യ. കല്യാശേരി ഡിവിഷനിൽനിന്നാണ് ദിവ്യ ജനവിധി തേടുന്നത്.
” ഹസ്തദാനം ഒഴിവാക്കി തൊഴുകൈകളോടെയാണ് വോട്ടർമാരെ സമീപിക്കുന്നത്. വീടുകൾ സന്ദർശിക്കുന്പോൾ പ്രായമുള്ളവരെയും അസുഖബാധിതരെയും കാണാൻ സാധിക്കാത്തത് വിഷമംതന്നെയാണെന്നും ദിവ്യ പറയുന്നു.
പി.പി. ദിവ്യയുടെ മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. കല്യാശേരിയിൽനിന്നും കടന്നപ്പള്ളി ഡിവിഷനിൽനിന്നും ഇതിനുമുന്പ് ജനവിധി തേടിയിട്ടുണ്ട്. ഇക്കുറി വീണ്ടും കല്യാശേരിയിൽനിന്ന് ജനവിധി തേടുകയാണ്.
രണ്ടു തെരഞ്ഞെടുപ്പിലും വിജയിച്ച ചരിത്രം ഇക്കുറിയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് പി.പി. ദിവ്യ. എൽഡിഎഫിന്റെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയായി പരിഗണിക്കുന്ന പേര് ദിവ്യയുടെതാണ്.
സ്നേഹത്തോടെ തരുന്ന ഭക്ഷണം ഒഴിവാക്കുന്നു
വോട്ട് തേടി വീടുകളിൽ എത്തുന്പോൾ അവർ സ്നേഹത്തോടെ തരുന്ന ഭക്ഷണം കഴിക്കാൻ സാധിക്കാത്തതിലാണ് വിഷമമെന്ന് ആലക്കോട് ഡിവിഷനിൽ മത്സരിക്കുന്ന എൽഡിഎഫിലെ കേരള കോൺഗ്രസ്-എം ജോസ് വിഭാഗം സ്ഥാനാർഥി ജോയി കൊന്നയ്ക്കൽ പറഞ്ഞു.
” കുറഞ്ഞ ആളുകളുമായി പ്രചാരണം നടത്തുന്നത് ഗുണം ചെയ്യും. നമ്മുടെ അഭിപ്രായങ്ങൾ വോട്ടർമാരെ ബോധ്യപ്പെടുത്താൻ ഇതുകൊണ്ട് സാധിക്കും.
തെരഞ്ഞെടുപ്പ് ആരവം കുറഞ്ഞതോടെ ജനങ്ങളോട് സംസാരിക്കാൻ എളുപ്പമാണ്. അതുപോലെ കോവിഡ് കാലത്തെ തെരഞ്ഞെടുപ്പിൽ ചെലവുകൾ വളരെ കുറവുമാണ്.
ചെലവ് ചുരുക്കിയുള്ള പ്രചരണത്തിന് കോവിഡ് കാരണമായെന്നും ജോയി കൊന്നയ്ക്കൽ പറഞ്ഞു. രണ്ടാമത്തെ തെരഞ്ഞെടുപ്പാണ് ജോയി കൊന്നയ്ക്കലിന്റേത്. 2015-ൽ നടുവിൽ ഡിവിഷനിൽനിന്ന് മത്സരിച്ചു ജയിച്ചിരുന്നു.
കൂടുതൽ വോട്ടർമാരെ നേരിട്ടു കാണുന്നു
ജനക്കൂട്ടമുള്ള യോഗങ്ങൾക്ക് വിലക്കുള്ളതുകൊണ്ട് സ്ഥാനാർഥികളെ പരമാവധി നേരിട്ടു കാണുന്ന പ്രചാരണരീതിയിലേക്ക് കോവിഡ് മാറ്റിയെന്ന് ജില്ലാപഞ്ചായത്ത് ഉളിക്കൽ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ലിസി ജോസഫ്.
പണം കുറച്ചുള്ള പ്രചാരണത്തിന് കോവിഡ് മാറ്റം വരുത്തി. പഞ്ചായത്ത്, ബ്ലോക്ക് സ്ഥാനാർഥികൾ വഴിയും പ്രചാരണം നടത്തുന്നതായി ലിസി ജോസഫ് പറഞ്ഞു.അഞ്ചാമത്തെ തെരഞ്ഞെടുപ്പാണ് ലിസി ജോസഫിന്റേത്.
2000-ൽ നടന്ന തെരഞ്ഞെടുപ്പിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, 2005, 2010 കാലഘട്ടത്തിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ്, 2010-15 കാലഘട്ടത്തിൽ കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, 2015-20 കാലയളവിൽ കേളകം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യുഡിഎഫിന്റെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥികൂടിയാണ് ലിസി ജോസഫ്.
ഇടിച്ചുകയറിയുള്ള പ്രചാരണത്തിന് വിലക്ക്
വോട്ടർമാരുടെ ഇടയിലേക്ക് ഇടിച്ചുകയറിയുള്ള പ്രചാരണം ഇത്തവണ പറ്റാതായെന്ന് കണ്ണൂർ കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥി ടി.ഒ.മോഹനൻ. കോവിഡ് പടർന്നുപിടിച്ചതോടെ സന്പർക്കപ്പെടാതിരിക്കുക എന്നതാണ് പുതിയ രീതി.
വീടുകളിൽ കയറുന്പോൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതുകൊണ്ട് പല കാര്യങ്ങളും വോട്ടർമാരുമായി ആശയവിനിമയം നടത്താൻ സാധിക്കുന്നില്ല.
40 ഉം 50 ഉം പേർ വീടുകയറി പ്രചരണം നടത്തിയ സ്ഥാനത്ത് മൂന്നോ നാലോ പേർ മാത്രമാണ് ഇപ്പോൾ വീടുകയറിയുള്ള പ്രവർത്തനത്തിന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 1999-ൽ വേങ്ങാട് ഡിവിഷനിൽനിന്നാണ് ജില്ലാ കൗൺസിലിലേക്ക് ടി.ഒ മോഹനൻ ആദ്യമായി മത്സരിച്ചത്.
2001-ൽ ചക്കരക്കൽ ഡിവിഷനിൽനിന്ന് ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ചു. 2010-ൽ മുനിസിപ്പൽ കോർപറേഷനിൽ കാന്പസാർ വാർഡിലും 2015-ൽ വെറ്റിലപ്പള്ളിയിൽ കോർപറേഷൻ വാർഡിലും മത്സരിച്ചിട്ടുണ്ട്.
അകലം പാലിച്ചുള്ള പ്രചാരണം
എല്ലാറ്റിനും അകലം പാലിക്കുക എന്നതാണ് കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് രീതിയെന്നും കൈ തന്ന് പിന്തുണ പ്രഖ്യാപിക്കുന്പോൾ കൈ മാറ്റി തൊഴുത് വോട്ട് അഭ്യർഥിക്കേണ്ട അവസ്ഥയാണുള്ളതെന്നും കണ്ണൂർ കോർപറേഷൻ ആലിങ്കീൽ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി പി.കെ. രാഗേഷ്. സ്നേഹനിർഭരമായ പ്രവർത്തനം ഈ തെരഞ്ഞെടുപ്പിൽ കാഴ്ചവയ്ക്കാൻ സാധിക്കുന്നില്ല.
പ്രായമുള്ളവരെ കാണാനോ അനുഗ്രഹം വാങ്ങാനോ സാധിക്കുന്നില്ല. കുടുംബയോഗങ്ങൾ, പ്രകടനങ്ങൾ എന്നിവയൊക്കെ നിർത്തിയതോടെ തെരഞ്ഞെടുപ്പുരംഗത്ത് തണുത്ത അന്തരീക്ഷമാണുള്ളതെന്നും പി.കെ. രാഗേഷ് പറഞ്ഞു.
അഞ്ചാംതവണയാണ് പി.കെ. രാഗേഷ് ജനവിധി തേടുന്നത്. 2000-ൽ 13-ാം വാർഡ്, 2005-ൽ 15- ാം വാർഡ്, 2010 -ൽ ഒന്നാം വാർഡ്, 2015-ൽ കോർപറേഷൻ എന്നിവിടങ്ങളിൽ മത്സരിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയാണ് രക്ഷ
വീടുകൾ കയറി വോട്ടർമാരെ മുഖാമുഖം കണ്ട് വോട്ട് അഭ്യർഥിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ജില്ലാ പഞ്ചായത്ത് നടുവിൽ ഡിവിഷൻ എൻഡിഎ സ്ഥാനാർഥി ആനിയമ്മ രാജേന്ദ്രൻ പറഞ്ഞു. കോവിഡ് കാലമായതുകൊണ്ട് സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിനാണ് മുൻതൂക്കം നൽകുന്നത്.
മുൻകാലങ്ങളിലെന്നപോലെ പൊതുപരിപാടി, വാഹന അനൗൺസ്മെന്റ്, ജാഥകൾ എന്നിവയൊന്നും ഇപ്പോൾ നടക്കുന്നില്ല. നിയമസഭ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവടങ്ങളിലേക്ക് കുറേ വർഷങ്ങളായി ആനിയമ്മ രാജേന്ദ്രൻ മത്സരിച്ചിട്ടുണ്ട്.
കുടിവെള്ളം പോലും കൊണ്ടുപോകണം
” പ്രചാരണ സ്ഥലങ്ങളിൽ കുടിവെള്ളവുമായി പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് കോളയാട് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥി അന്നാ ജോളി പറഞ്ഞു. ആഘോഷങ്ങളായി മാറിയിരുന്ന പ്രചരണരംഗം ഇന്ന് ശുഷ്കമാണ്.
ഓരോ പ്രദേശത്തു പോകുന്പോഴും ആരോഗ്യവകുപ്പിനോട് അന്വേഷിച്ച് ക്വാറന്റൈനിലുള്ള സ്ഥലങ്ങൾ ഒഴിവാക്കി വേണം പ്രചരണം നടത്താൻ. കോവിഡ് കാലത്ത് ആവേശമില്ലാത്ത പ്രചാരണമാണെങ്കിലും ഫലം വന്നാൽ എല്ലാവർക്കും ആവേശമാകുമെന്നും അന്നാ ജോളി പറഞ്ഞു.
അന്നാ ജോളി നാലുപ്രാവശ്യം ജനവിധി തേടിയിട്ടുണ്ട്. 2000-05 ൽ കോളയാട് പഞ്ചായത്ത് മെംബർ, 2005-10 വരെ കോളയാട് ബ്ലോക്കിലേക്കും 2010-15 ൽ കോളയാട് ഒന്പതാം വാർഡിലും മത്സരിച്ച് പഞ്ചായത്ത് പ്രസിഡന്റായി. അന്ന് ഏഴ്-ഏഴ് ക്രമത്തിലായിരുന്നു ഭരണ-പ്രതിപക്ഷ അംഗബലം. നറുക്കെടുപ്പിലൂടെയാണ് പഞ്ചായത്ത് പ്രസിഡന്റായത്. കോളയാട് 11-ാം വാർഡിലാണ് ഇക്കുറി ജനവിധി തേടുന്നത്.